കോട്ടയം: സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനടിയിൽ കൃത്രിമം കാണിച്ചു ജില്ലയിലെ രണ്ടു കടകൾക്കെതിരേ അധികൃതർ നടപടി സ്വീകരിച്ചു.
ആർപ്പൂക്കര പനന്പാലത്തുള്ള റേഷൻകട, തോട്ടയ്ക്കാട് വില്ലേജ് ഓഫീസിനു സമീപമുള്ള റേഷൻകട എന്നിവയ്ക്കെതിരേയാണ് നടപടിയുണ്ടായത്. കോവിഡ് 19 കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചപ്പോൾ മുതൽ തന്നെ ജില്ലയിലെ ചില റേഷൻ കടകൾക്കെതിരേ പരാതി ഉയർന്നിരുന്നു.
അരിയുടെ തൂക്കത്തിൽ തട്ടിപ്പ് നടത്തുന്നതായാണ് പ്രധാനമായും പരാതി ഉയരുന്നത്. അരിയും ഗോതന്പും മാർക്കറ്റ് വിലയ്ക്ക് മറിച്ച് വിൽക്കുന്നത് പലപ്പോഴും കടയിലെ തന്നെ മറ്റ് റേഷൻ കാർഡ് ഉടമകൾക്കാണെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ബയോമെട്രിക്ക് സംവിധാനമില്ലാത്തതിനാൽ ഉപഭോക്താക്കൾ വിരലടയാളം പതിപ്പിക്കേണ്ടതില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം റേഷൻ കടകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.