കാഞ്ഞിരപ്പള്ളി: ഇ-പോസ് മെഷീൻ വെട്ടിച്ച് റേഷൻ തട്ടിപ്പ് നടത്തിയ റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരപ്പള്ളി പേട്ട ഗവണ്മെന്റ് ഹൈസ്കൂളിന് എതിർവശത്തുള്ള സി.എസ്. ഇല്ല്യാസ് ലൈസൻസിയായിട്ടുള്ള 42ാം നന്പർ റേഷൻ കടയുടെ ലൈസൻസാണ് താലൂക്ക് സപ്ലൈ ഓഫീസർ താത്ക്കാലികമായി റദ്ദു ചെയ്തത്.
2019 ഡിസംബർ മാസത്തെ റേഷൻ വിതരണം അവസാനിക്കുന്ന ജനുവരി നാലാം തീയതി പ്രവൃത്തി സമയം കഴിഞ്ഞ് രാത്രി എട്ടിനുശേഷം റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി അവരുടെ റേഷൻ വിഹിതം ഇ പോസ് മെഷീനെ വെട്ടിച്ച് മാനുവലായി വിതരണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. നെറ്റ്വർക്ക് തകരാറുള്ളപ്പോൾ റേഷൻ വിതരണം നടത്താനുള്ള മാനുവൽ ഓപ്ഷൻ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്.
റേഷൻ വാങ്ങാത്ത നാല് റേഷൻ കാർഡുകളിലായി (ഒരു അന്ത്യോദയ കാർഡ്, ഒരു സബ്സിഡി കാർഡ്, രണ്ട് നോണ്‍ സബ്സിഡി കാർഡ്) 51 കിലോ അരി, അഞ്ചു കിലോ ഗോതന്പ്, ആറു കിലോ ആട്ട, 1.5 ലിറ്റർ മണ്ണെണ്ണ എന്നിവയാണ് 42ാം നന്പർ ലൈസൻസി കാർഡുടമകളെ വെട്ടിച്ച് മാനുവലായി വിതരണം നടത്തിയത്. നാലു കാർഡുടമകളുടെയും വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയപ്പോൾ ഡിസംബർ മാസത്തെ റേഷൻ വാങ്ങിയിട്ടില്ലെന്ന് അറിയിച്ചു. ഇതിനെത്തുടർന്നായിരുന്നു നടപടി.
അന്ത്യോദയ കാർഡുടമയ്ക്ക് റേഷൻ ലഭിച്ചില്ലെങ്കിൽ 2013 ലെ ഭക്ഷ്യഭദ്രതാ നിയമം അനുച്ഛേദം എട്ടു പ്രകാരം ഫുഡ് സെക്യൂരിറ്റി അലവൻസ് ലഭിക്കാൻ അർഹതയുണ്ട്. അതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അന്വേഷണത്തിന് താലൂക്ക് സപ്ലൈ ഓഫീസർ ടി.ജി. സത്യപാൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്. ഷീനാകുമാരി, സാവിയോ പി. ജോർജ്, ഇ.ജെ. ഷെനോയ് എന്നിവർ നേതൃത്വം നൽകി.