കോട്ടയം: റേഷൻ സാധനങ്ങളുടെ അളവിൽ കുറവ് വരുത്തിയ റേഷൻ കടകൾക്കെതിരേ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. പരാതികൾ ലഭിച്ചതിനെത്തുടർന്ന് കടകളിൽ നടത്തിയ പരിശോധനയിൽ 800 ഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ കുറവ് വരുത്തുന്നതായി കണ്ടെത്തുകയും ചെയ്തു.
വിജിലൻസിന്റെ സഹകരണത്തോടെ സൂപ്പർ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ വില രേഖപ്പെടുത്താത്ത പായ്ക്കറ്റ് സാധനങ്ങൾ വിൽപ്പന നടത്തിയതിന് കേസെടുത്തു.
ലിറ്ററിന് 13 രൂപയ്ക്ക് വിൽക്കേണ്ട കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതും പഴം, പച്ചക്കറി എന്നിവയുടെ വിൽപ്പനയിലെ ക്രമക്കേടുകളും സംബന്ധിച്ച പരാതികളിൽ പരിശോധന കർശനമാക്കി. വീഴ്ച്ച കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്നും ആകെ ഒരു ലക്ഷം രൂപ പിഴ ഈടാക്കി. 28 കേസുകൾ രജിസ്റ്റർ ചെയ്തു.
മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഉഴവൂർ, മോനിപ്പള്ളി പ്രദേശങ്ങളിൽ വിലവിവരം പ്രദർശിപ്പിക്കാത്ത രണ്ട് കടകൾക്കെതരേയും കാലാവധി കഴിഞ്ഞ അരി വില്പന നടത്തിയ ഒരു കടക്കെതിരേയും നോട്ടീസ് നൽകി.
കാലാവധി കഴിഞ്ഞ 25 ചാക്ക് അരിയാണു പിടികൂടിയത്. അരി പൂത്തു തുടങ്ങിയതാണെന്നും സ്ക്വാഡ് അറിയിച്ചു. പിടച്ചെടുത്ത് അരികൾ സീൽ ചെയ്തിട്ടുണ്ട്.
ഇത് സംബന്ധിച്ച റിപ്പോർട്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് കൈമാറിയിട്ടുണ്ടെന്നും മീനച്ചിൽ തഹസീൽദാർ മൻജിത്ത് അറിയിച്ചു. റേഷൻ കടകളിൽ റേഷനിംഗ് ഇൻസ്പെകടർമാരുടെ സഹായത്തോടെ സ്ക്വാഡ് പരിശോധന നടത്തി. വിപണിയിൽ ശർക്കരക്കും പഞ്ചസാരക്കും വിലവർധനവ് ഉണ്ടായിട്ടുണ്ട്.
ഇവക്ക് വിപണിയിൽ ലഭ്യത കുറവുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും സംഘം പറഞ്ഞു. ഡെപ്യൂട്ടി കണ്‍ട്രോളർമാരായ എൻ.സി സന്തോഷ്, എം. സഫിയ, സീനിയർ ഇൻസ്പെക്ടർ എൻ. സുമതി ഇൻസ്പെക്ടർമാരായ കെ.ബി ബുഹാരി, ഷിന്റോ ഏബ്രഹാം, പി.കെ.ബിനു മോൻ, പി. പ്രവീണ്‍, എ.കെ. സജീവ്, രമ്യാ ചന്ദ്രൻ, എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
പൊതു ജനങ്ങൾക്ക് സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ലീഗൽ മെട്രോളജി കണ്ട്രോൾ റൂമിൽ വിളിച്ചും പരാതികൾ അറിയിക്കാം. 8281698 046, 8281698044 , 0481-2582998. 04822212325. പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.