ചാലക്കുടി: മുകുന്ദപുരം ചാലക്കുടി താലൂക്കുകളിൽ ലോക്ഡൗൺ കാലത്ത് വിതരണം ചെയ്യാതിരുന്ന ലോഡുകണക്കിന് അരിയും കടലയും റേഷൻ കടകളിൽ കെട്ടികിടക്കുന്നു. ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നതിനായി നൽകിയ അരിയും കടലയുമാണ് വിതരണം ചെയ്യാതെ കിടക്കുന്നത്.
റേഷൻ കട ഉടമകൾ സിവിൽ സപ്ലൈസ് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും അരി വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു.
മാസങ്ങളായി കെട്ടികിടക്കുന്ന അരി കേടാവുമെന്നതിനാൽ റേഷൻ കടകളിലെ സ്റ്റോക്ക് ക്രമീകരിച്ച് ഈ അരി വിതരണം ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. കെട്ടികിടക്കുന്ന അരി കേടുവന്നാൽ റേഷൻ കട ഉടമകൾ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുമെന്നതുകൊണ്ടാണ് സ്റ്റോക്കിൽ ക്രമീകരിച്ചുകൊണ്ട് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്.
വെള്ള, നീല കാർഡ് ഉടമകൾക്ക് 15 രൂപയുടെ പത്തുകിലോ അരി വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും റേഷൻ കടകളിൽ സ്റ്റോക്ക് എത്തിയിട്ടില്ല.
ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് റേഷൻ വിതരണം ചെയ്യാൻ മാത്രമുള്ളത്. മാർച്ച് മാസത്തിലെ അരി ഈ മാസം മൂന്ന്, അഞ്ച് തിയതികളിൽ കൂടി മാത്രമെ വിതരണം ചെയ്യാൻ കഴിയുകയുള്ളൂ. ഈ തിയതികൾക്കുള്ളിൽ അരിവിതരണം ചെയ്തില്ലെങ്കിൽ റേഷൻ കാർഡ് ഉടമകൾക്ക് അരി ലഭിക്കില്ല.
അല്ലെങ്കിൽ സർക്കാർ തിയതി നീട്ടേണ്ടിവരും. മാർച്ച് മാസത്തെ നീല വെള്ള കാർഡുകൾക്കുള്ള കിറ്റുകൾ 20 ശതമാനം പേർക്കു വിതരണം ചെയ്യാൻ മാത്രമേ സ്റ്റോക്കെത്തിയിട്ടുള്ളൂ.കിറ്റുവിതരണം നടത്തുന്നതായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപിച്ചതനുസരിച്ച് റേഷൻ കടകളിൽ കിറ്റിനുവേണ്ടി എത്തുന്നവർ മടങ്ങിപോകുകയാണ്.