ചെങ്ങന്നൂർ: സംസ്ഥാനത്ത് റേഷൻ കടകൾക്കു പൂട്ടുവീഴാൻ സാധ്യത. നിലവിൽ ഭാഗികമായി മാത്രമാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നത്. മണ്ണെണ്ണ, പഞ്ചസാര, ഗോതമ്പ്, ആട്ട എന്നിവ കടകളിൽ ഇല്ലാതായിട്ട് മാസങ്ങളായി. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് നൽകിവന്നിരുന്ന പഞ്ചസാര നിർത്തലാക്കിയിട്ട് ആറു മാസവും മണ്ണെണ്ണ ലഭ്യമല്ലാതായിട്ട് അഞ്ചുമാസവും പിന്നിടുന്നു.
മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡുടമകൾക്ക് മണ്ണെണ്ണ നിർത്തിയിട്ട് രണ്ടുവർഷമായി. മുൻഗണന വിഭാഗത്തിനു മാസം തോറും ലഭിച്ചിരുന്ന മണ്ണെണ്ണ മൂന്നുമാസത്തിലൊരിക്കലാക്കി. മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലീറ്ററും പിങ്ക് കാർഡിന് അര ലീറ്ററുമാണ് നൽകി വന്നിരുന്നത്.
എന്നാൽ, ഇത്തവണ ഇതും ഇല്ലാതായ അവസ്ഥയിലാണ്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങൾ ഉൾക്കൊള്ളുന്ന അര ലിറ്റർ മണ്ണെണ്ണ ഇനിയും വിതരണം ആരംഭിച്ചിട്ടില്ല. മണ്ണെണ്ണയുടെ മൊത്ത വിതരണക്കാർ സ്റ്റോക്ക് എടുക്കാത്തതാണ് വിതരണം നടക്കാത്തതിനു കാരണമായി പറയുന്നത്. ഒരു ജില്ലയിൽ ഒന്നോ രണ്ടോ ഇടത്ത് മാത്രമാണ് മൊത്തവിതരണക്കാരുള്ളത്.
വാഹനക്കൂലി നൽകി ചെറിയ അളവിൽ മണ്ണെണ്ണ എടുത്ത് വിൽപ്പന നടത്തിയാൽ റേഷൻ കടയുടമകൾക്ക് വലിയനഷ്ടം ഉണ്ടാകുമെന്നതിനാൽ അവരും മണ്ണെണ്ണ എടുക്കാൻ തയാറാകുന്നില്ല. ചുരുക്കത്തിൽ മണ്ണെണ്ണയും റേഷൻ കടകളിൽനിന്ന് ഇല്ലാതാകുന്നു. നീല, വെള്ള കാർഡുടമകൾക്ക് ഒരുവർഷം മുൻപുവരെ നാല് പാക്കറ്റ് ആട്ട 18 രൂപ നിരക്കിൽ നൽകിയിരുന്നു.
ഒരു വർഷമായി ഇത് നിർത്തലാക്കി. മഞ്ഞ, പിങ്ക് കാർഡുടമകൾക്കു ഗോതമ്പിനു പകരം നിലവിൽ ആട്ട ലഭ്യതയനുസരിച്ച് നൽകുന്നുണ്ട്.പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, ആട്ട എന്നിവയില്ലെങ്കിലും അരിയെങ്കിലും ലഭിക്കുമെന്ന് കരുതിയെത്തുന്നവർക്ക് അതും ലഭ്യമല്ല. അരി എഫ്സിഐ ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിലേക്ക് എത്തിക്കുന്നത് ലോറികളിലാണ്. ലോറികൾ കരാർ അടിസ്ഥാനത്തിലാണ് ഓടുന്നത്.
കഴിഞ്ഞ നാലുമാസമായി ഇത്തരം കരാർ വാഹനങ്ങൾക്കു പണം നൽകാത്തതിനാൽ അവർ പണിമുടക്കിലാണ്. അതിനാൽ ഈ മാസം റേഷൻ കടകളിൽ ഇതുവരെ അരി എത്തിയിട്ടില്ല. കഴിഞ്ഞമാസത്തിലെ അധിക സ്റ്റോക്ക് ഉണ്ടായിരുന്ന കടകളിൽ വിതരണം നടക്കുന്നുണ്ട്. സ്റ്റോക്ക് ഇല്ലാത്ത കടകളുടെ പ്രവർത്തനം ഇല്ലാത്ത അവസ്ഥയിലാണ്.
വാഹന സമരം തുടർന്നാൽ സ്റ്റോക്കുകൾ ഉണ്ടായിരുന്ന കടകളിലും അരി ഇല്ലാതാകും. പല കടകളിലും അരി വാങ്ങാൻ എത്തുന്നവർ നിരാശായി മടങ്ങുകയാണ്. അരി വന്നില്ലെന്ന് പറഞ്ഞ് കടയുടമകളും മടുത്തു. ഈ നില തുടർന്നാൽ റേഷൻ കടകൾ അടച്ചിടേണ്ടി വരുമെന്നാണ് വ്യാപാരികളുടെ സംഘടനകൾ പറയുന്നത്.
ഡൊമിനിക് ജോസഫ്