തിരുവനന്തപുരം: റേഷൻ വിതരണം സംബന്ധിച്ച് ജനങ്ങൾക്കുള്ള പരാതി പറയാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഔദ്യോഗിക നന്പർ നൽകുന്നു. സിവിൽ സപ്ലൈസ് കമ്മിഷണർ മുതൽ റേഷനിംഗ് ഉദ്യോഗസ്ഥർവരെയുള്ള ഉദ്യോഗസ്ഥർക്ക് ബിഎസ്എൻഎല്ലിന്റെ ഗ്രൂപ്പ് കണക്ഷൻ സിം കാർഡ് അനുവദിച്ചു. ഉദ്ഘാടനം പിആർ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ സിവിൽ സപ്ലൈസ് സെക്രട്ടറി മിനി ആന്റണിക്ക് സിം കാർഡ് നൽകി നിർവഹിച്ചു.
റേഷൻ സംബന്ധമായ പരാതികൾ ടെലിഫോണിൽ ലഭിച്ചാൽ മൂന്നു ദിവസത്തിനകം പരിഹാരം കാണാൻ നിർദേശിച്ചതായി മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലഭിക്കുന്ന പരാതികൾ രേഖപ്പെടുത്തിവയ്ക്കും. ഔദ്യോഗിക ഫോണ് ഓഫാക്കിവയ്ക്കുകയോ എടുക്കാതിരിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കും.
റേഷനിംഗ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈ ഓഫീസർ എന്നിവരുടെ ഫോണ് നന്പരുകൾ അതതു റേഷൻ കടകളിലും മറ്റ് ഉദ്യോഗസ്ഥരുടെ നന്പരുകൾ അതത് ഓഫീസുകളിലെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കും. സിവിൽ സപ്ലൈസിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.civilsupplieskerala.gov.in ന്റെ ഹോം പേജിൽ മൊബൈൽ നന്പർ എന്ന ലിങ്കിൽ നിന്ന് ഫോണ് നന്പരുകൾ ലഭിക്കും.