ചെറുതോണി: റേഷൻ കടയിൽനിന്നും വിതരണംചെയ്യുന്ന അരി തൂക്കിനൽകുന്ന വ്യാപാരിക്ക് അലർജിയുണ്ടാകുന്നതായി വ്യാപക പരാതി. ദേഹമാസകലം ചൊറിഞ്ഞുതടിച്ച് വികൃതമാകുന്നതായാണ് പരാതി.
റേഷനരിയിൽ ചെള്ള് പിടിക്കാതിരിക്കാൻ മൊത്തവ്യാപാരികളോ റേഷൻ ഡിപ്പോകളിലോ ചേർക്കുന്ന കീടനാശിനിയാണ് അലർജിക്ക് കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
ഗോതന്പിനകത്ത് ചെള്ള് കയറാറുണ്ട്. ഇതിനടുത്തിരിക്കുന്ന അരിയിലും ചെള്ള് കയറി നാശം വിതയ്ക്കാതിരിക്കാൻ ഗോഡൗണിൽ കീടനാശിനി ഉപയോഗിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
അരി തൂക്കിനൽകുന്ന വ്യാപാരിക്ക് ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഇതിനു പുറമെയാണ് ദേഹം ചൊറിഞ്ഞുതടിച്ചും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നത്.
നിർധനരായ ആളുകൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന റേഷൻ ഭക്ഷ്യവസ്തുക്കളിലാണ് ഇത്രയധികം വിഷം കലർത്തുന്നത്. ആളുകൾ അരി നന്നായി കഴുകി ഉപയോഗിക്കുന്നതിനാലാകണം രോഗങ്ങളൊന്നും ശ്രദ്ധയിൽപെടാത്തതെന്ന് വ്യാപാരികൾ പറഞ്ഞു.
റേഷൻ വ്യാപാരികളുടെ സംഘടനാനേതൃത്വം ഇതുസംബന്ധിച്ച് മേലധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. റേഷൻ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും മായം കലർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.