കോട്ടയം: റേഷന്‍ വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്തയാഴ്ചയോടെ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവരും. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷന്‍ കടക്കാരനു ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാത്തത് മൂലം റേഷന്‍ വ്യാപാരികള്‍ക്ക് വരുമാനം നഷ്ടമുണ്ടാകുകയും ചെയ്യും.
വിതരണക്കാര്‍ക്ക് പലപ്പോഴും അര്‍ഹമായ തുകയുടെ പകുതി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എഫ്സിഐ ഗോഡൗണുകളില്‍നിന്നും എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും റേഷന്‍ കടകളിലേക്കും കരാറുകരാണു സാധനങ്ങള്‍ എത്തിക്കുന്നത്. കയറ്റിറക്കുകൂലി, ലോറിവാടക തുടങ്ങിയെ ചെലവുകള്‍ വഹിക്കണം. ഇക്കാരണത്താല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയും അവതാളത്തിലാകുമെന്നാണ് സൂചന.
സെപ്റ്റംബറില്‍ 60 ശതമാനം മാത്രം തുകയാണു കരാറുകാര്‍ക്കു നല്‍കിയത്. നവംബര്‍ വരെയുള്ള മുഴുവന്‍ തുകയും ലഭിക്കുകയും 2024 സെപ്റ്റംബര്‍ വരെ ഓഡിറ്റിംഗ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മാത്രമെ ഈ മാസം വിതരണം നടത്തുവെന്നാണ് കരാറുകാരുടെ നിലപാട്. ഇക്കാര്യങ്ങള്‍ വിശദമാക്കി മാസങ്ങള്‍ക്കു മുന്‍പ് വകുപ്പുമന്ത്രിക്ക് കത്തു നല്‍കിയശേഷവും സര്‍ക്കാര്‍ നിസംഗത പുലര്ത്തിയതോടെയാണു കരാറുകാര്‍ സമരത്തിലേക്ക് നീങ്ങിയത്.
വാതില്‍പ്പടി കരാറുകാര്‍ക്ക് 90 കോടി രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ട്. ജില്ലയിലെ 5.5 ലക്ഷം കാര്‍ഡുടമകള്‍ 963 റേഷന്‍ കടകളില്‍ നിന്നാണ് റേഷന്‍ വാങ്ങുന്നത്. കുടിശിക അടുത്തയാഴ്ച നല്കിയാല്തന്നെ കടകളില്‍ വിതരണം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഒട്ടുമിക്ക റേഷന്‍ കടകളിലും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ സ്റ്റോക്ക് പരിമിതമാണ്.