പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഏഴിന് കടകള്‍ അടച്ച് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിനു മുന്പില് ധര്‍ണ നടത്തും.സമരപ്രഖ്യാപന കണ്വന്ഷന് ഓള് ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഫെഡറേഷന് ദേശീയ സെക്രട്ടറി ജോണ്സന് വിളവിനാല്‍ ഉദ്ഘാടനം ചെയ്തു.
വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷന് നല്‍കണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും അതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയ സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ജോണ്സന് വിളവിനാല്‍ പറഞ്ഞു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ അസോസിയേഷന് കവിയറ്റ് ഫയല്‍ ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ തള്ളിയിട്ടും വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കാതെ ഇരിക്കുന്നതിന് എതിരെ കൂടിയാണ് ഈ കടയടപ്പ് സമരം എന്നും അദ്ദേഹം പറഞ്ഞു.
ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള റേഷന്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു), എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഓള് കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എസ്. മുരളീധരന് നായര്‍ അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി തോമസ് വര്‍ഗീസ്, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എന്‍ രാധാകൃഷ്ണന്, സതീന്ദ്രന് പിള്ള, ജയചന്ദ്രന് വി .സി. ,ശാന്തന്‍പിള്ള അടൂര്‍,ജോയ് തോമസ് കോന്നി, നന്ദകുമാരന് നായര്‍, രമേശന് റാന്നി എന്നിവര്‍ പ്രസംഗിച്ചു.