കോഴിക്കോട്: മദ്യപിക്കുന്നതിനിടയില് എലിവിഷം ചേര്ത്ത ബീഫ് കഴിച്ച യുവാവ് അവശനായ സംഭവത്തില് ദുരൂഹത തുടരുന്നു. മദ്യപസംഘത്തില് ഉണ്ടായിരുന്ന ആറുപേരെ പോലീസ് ചോദ്യം ചെയ്തപ്പോള് മദ്യത്തിനൊപ്പം പഴങ്ങളാണു കഴിച്ചതെന്നായിരുന്നു ഇവര് പറഞ്ഞത്. മറ്റുള്ളവര്ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള് ഉണ്ടായിട്ടില്ല. ഇതോടെയാണ് ദുരൂഹത ഉയര്ന്നത്.
കേസ് അന്വേഷിക്കുന്ന വടകര പോലീസ് ഭക്ഷണാവശിഷ്ടം ഫോറന്സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോറന്സിക് പരിശോധനാ ഫലം കൂടി ലഭിച്ചാല് അന്വേഷണം എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് സംഘം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുഹൃത്ത് നല്കിയ എലിവിഷം ചേര്ത്ത ബീഫ് കഴിച്ചതായി വടകര വൈക്കിലിശേരി കുറിഞ്ഞാലിയോട് പോത്തുകണ്ടിമീത്തല് നിധീഷ് പോലീസില് പരാതി നല്കിയത്.
സുഹൃത്ത് മുള്ളന്മഠത്തില് മഹേഷിനെതിരേയാണ് പരാതി നല്കിയിരുന്നത്. സംഭവത്തെ തുടര്ന്ന് ഇയാള്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലുള്ള നിധീഷിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മദ്യപിച്ചിരിക്കുന്നവര്ക്കിടയിലേക്ക് അവസാനമായി എത്തിയത് നിധീഷ് ആയിരുന്നുവെന്നാണ് സുഹൃത്തുക്കള് പോലീസിനോട് പറഞ്ഞത്. അതേസമയം സുഹൃത്തുക്കള് തമ്മില് മദ്യപിക്കുന്നതിനിടെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.