ഗാന്ധിനഗർ: കുരുമുളക് പൊടിയെന്നു കരുതി മീൻ വറുത്തതിൽ എലിവിഷം ചേർത്തു കഴിച്ച യുവദന്പതികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനച്ചിൽ വട്ടക്കുന്നേൽ ജസ്റ്റിൻ (22), ഭാര്യ ശാലിനി (22) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവത്തെക്കുറിച്ച് ഇവർ പറയുന്നതിങ്ങനെ: കഴിഞ്ഞ രാത്രി മീൻ വറുത്തു കൊണ്ടിരിക്കുന്നതിനിടയിൽ വൈദ്യുതി ബന്ധം തകരാറിലായി. ഈ സമയം അടുക്കളയിൽ സൂക്ഷിച്ചിരുന്ന എലിവിഷം അറിയാതെ മീൻ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നു. കുരുമുളക് പൊടിയാണെന്നു കരുതിയാണ് ഇട്ടതെന്നും ഇവർ പറഞ്ഞു.
മീൻവറുത്തതു കഴിച്ച് അൽപനേരം കഴിഞ്ഞപ്പോൾ ഛർദി ഉണ്ടായി. അപ്പോഴാണ് അടുക്കളയിലെത്തി പരിശോധിച്ചത്. അപ്പോഴാണ് എലിവിഷമാണ് കുരുമുളകുപൊടിക്കുപകരം ചേർത്തതെന്നു ബോദ്ധ്യപ്പെട്ടത്.
ഉടൻ തന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. ഇവർക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്. കുട്ടി മീൻ വറുത്തത് കഴിച്ചില്ല. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചു.