കീവ്: യുദ്ധത്തെത്തുടർന്നു തെരുവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളോടു കാരുണ്യം കാണിച്ച്, അവയ്ക്കു ഭക്ഷണം നൽകാനായി പുറത്തിറങ്ങിയ യുക്രേനിയൻ സന്നദ്ധപ്രവർത്തകരെ റഷ്യൻ അധിനിവേശസേന വെടിവച്ചു കൊലപ്പെടുത്തി.
തലസ്ഥാനനഗരമായ കീവിനു സമീപമുള്ള ബുച്ച നഗരത്തിൽനിന്നാണ് ഈ ദാരുണവാർത്ത പുറത്തുവരുന്നത്.
ഈ മാസം നാലിനായിരുന്നു സംഭവം. കാർ റിപ്പയർ ഷോപ്പ് ഉടമ സെർഹി ഉറ്റ്സിമെങ്കോ (25), ഹുക്ക വിതരണക്കാരനായ മാക്സിം കുസ്മെങ്കോ (28), യുക്രെയ്നിലെ പ്രമുഖ ഐടി കന്പനിയിൽ ലീഡ് റിക്രൂട്ടറായ അനസ്താസ്യ യെലൻസ്ക (26) എന്നിവരാണു കൊല്ലപ്പെട്ടത്.
ബുച്ചയുടെ ഒട്ടുമിക്ക പ്രദേശങ്ങളും റഷ്യൻ നിയന്ത്രണത്തിലായെങ്കിലും ഇതു വകവയ്ക്കാതെയാണു സന്നദ്ധപ്രവർത്തകരായ മൂന്നംഗസംഘം തെരുവിൽ അലയുന്ന മൃഗങ്ങൾക്കു ഭക്ഷണം നൽകാൻ പുറപ്പെട്ടത്.
ഭക്ഷണം നൽകിയശേഷം ഉറ്റ്സിമെങ്കോയുടെ വീട്ടിലേക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി.
എന്നാൽ വീടിനു തൊട്ടടുത്തുവച്ച്, റഷ്യൻ സേനയുടെ വാഹനം ഇവരുടെ വാഹനത്തിനു നേർക്കു തുരുതുരാ നിറയൊഴിച്ചു.
ഉറ്റ്സിമെങ്കോയുടെ പിതാവിന്റെ കണ്മുന്നിലാണു സംഘത്തിനുനേരേ ആക്രമണമുണ്ടായത്.
വെടിവയ്പ് അവസാനിച്ചതോടെ കുടുംബാംഗങ്ങൾ വാഹനത്തിനടുത്തേക്കു പാഞ്ഞെത്തിയപ്പോൾ കണ്ടതു ദാരുണമായ കാഴ്ചയായിരുന്നു. മൂവരും മരിച്ചിരുന്നു.
ഇവർ ഉടൻതന്നെ മൃതദേഹങ്ങൾ വീടിന്റെ ബേസ്മെന്റിലേക്കു മാറ്റി. ഇവിടെയാണു റഷ്യൻ ഷെല്ലിംഗിൽനിന്നു രക്ഷനേടാൻ കുടുംബാംഗങ്ങൾ കഴിഞ്ഞിരുന്നത്.
റഷ്യൻ ആക്രമണം തുടരുന്നതിനാൽ, മൂന്നു ദിവസത്തിനുശേഷവും മൃതദേഹങ്ങൾ ബേസ്മെന്റിൽനിന്നു പുറത്തെത്തിച്ചു സംസ്കരിക്കാൻ കുടുംബത്തിനു കഴിഞ്ഞിട്ടില്ല.
മകന്റെ മൃതദേഹത്തിനു കാവലായി ഉറ്റ്സിമെങ്കോ ബേസ്മെന്റിലുണ്ട്.