ലോകമെന്പാടുമുള്ള കുട്ടികളുടെ ആരാധനാപാത്രമാണ് ജെ.കെ. റൗളിംഗ് എന്ന എഴുത്തുകാരി. ഹാരി പോട്ടർ നോവൽ ശ്രേണിയിലൂടെ ശ്രദ്ധേയയായ റൗളിംഗിനെ കാണണമെന്ന ആവശ്യമുന്നയിച്ച കാഷ്മീരി പെൺകുട്ടിക്ക് അവർ മറുപടി നല്കിയതാണ് ഏറ്റവും പുതിയ സംഭവം. ഹാജി പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായ കുൽസും എന്ന പന്ത്രണ്ടുകാരിക്കാണ് സാങ്കല്പിക ലോകത്തെ മായക്കാഴ്ചകൾ ഹാരി പോട്ടറിലൂടെ സമ്മാനിച്ച എഴുത്തുകാരിയെ കാണമെന്ന മോഹമുദിച്ചത്.
അതുകൊണ്ടുതന്നെ, തനിക്കു കാണമെന്ന ആഗ്രഹമുണ്ടെന്ന് അവൾ റൗളിംഗിനു കത്തെഴുതി. കാണാൻ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടെന്ന കാര്യം അവൾക്കറിയില്ല. ലക്ഷ്യം ഒന്നുമാത്രം; റൗളിംഗിനെ കാണുക.””ദൈവം ജെ.കെ. റൗളിംഗിനു ദീർഘായുസ് നല്കി അനുഗ്രഹിക്കട്ടെ, ഞാൻ വളർന്നു വലുതാകുന്പോൾ അവരെ എനിക്ക് കാണാനുള്ളതാണ്”- കുൽസും എഴുതി.
സബാഹ് ഹാജി ബാജി എന്ന ട്വിറ്റർ ഉപയോക്താവ് ഈ കത്ത് റൗളിംഗിനു ട്വീറ്റ് ചെയ്തതിനൊപ്പം ഹിമാലയം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. “”ഒരിക്കലെങ്കിലും റൗളിംഗിനെ കാണമെന്ന ആഗ്രഹവുമായി കുൽസും എന്ന പന്ത്രണ്ടുകാരി പെൺകുട്ടി ഇവിടെ കാത്തിരിപ്പിപ്പുണ്ട്; അതിനാൽ ഹാജി പബ്ലിക് സ്കൂളിലേക്കു സ്വാഗതം…” കത്തിനൊപ്പം അദ്ദേഹം കുറിച്ചു.
ട്വീറ്റിന് മറുപടി നല്കിയെന്നു മാത്രമല്ല തന്നെ കാണാനാഗ്രഹിച്ച പെൺകുട്ടിക്ക് എന്തെങ്കിലും നല്കണമെന്ന ആഗ്രഹമുണ്ടെന്ന് റൗളിംഗ് ട്വീറ്റ് ചെയ്തു. സിറിയൻ സ്വദേശിനിയായ ഏഴു വയസുകാരിക്ക് 2016ൽ സമ്മാനമായി തന്റെ കൈയൊപ്പ് പതിച്ച ഹാരി പോട്ടർ നോവലുകൾ ജെ.കെ. റൗളിംഗ് നല്കിയിരുന്നു.