ഡോക്ടര്‍ ആക്ടര്‍! കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹം; ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി…; ഡോ. രേവതി സുധീറിന്റെ വിശേഷങ്ങളിലേക്ക്…

കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹമാണ് നടിയാവുക എന്നത്. ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി. ഇപ്പോഴിതാ രണ്ടു സിനിമകളിലൂടെ വെള്ളിത്തിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഈ ഡോക്ടര്‍ ആക്ടര്‍. ഡോ. രേവതി സുധീറിന്റെ വിശേഷങ്ങളിലേക്ക്…

വെള്ളിത്തിരയിലേക്ക്

ഒരു സുഹൃത്ത് വഴിയാണ് നാന്‍ പെറ്റ മകന്റെ ഓഡീഷനെക്കുറിച്ച് അറിയുന്നത്. അപ്ലൈ ചെയ്തു. അപ്രതീക്ഷിതമായിാണ് സംവിധായകന്‍ സജി.എസ് പാലമേല്‍ സാറിന്റെ വിളി വരുന്നത്. ഓഡീഷന്റെ പിറ്റേന്ന് എനിക്ക് ഫൈനല്‍ ഇയര്‍ പരീക്ഷയായിരുന്നു.

എങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട് ഉള്ളതിനാല്‍ കൊച്ചിയിലേക്ക് പോകാന്‍ തീരുമാനിച്ചു. രാവിലെ ബംഗലൂരുവില്‍ നിന്ന് ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ ഓഡീഷന്‍ കഴിഞ്ഞ് ബംഗലൂരുവിലേക്ക് തിരിച്ചു. പിറ്റേന്ന് പരീക്ഷയും എഴുതി. പിന്നീടാണ് സിനിമയിലേക്ക് സിലക്ടായ വിവരം അറിയുന്നത്. ഏറെ സന്തോഷം തോന്നി.

കുട്ടിക്കാലത്ത് ചില പരസ്യചിത്രങ്ങളും ഫോണ്‍ ഇന്‍ പ്രോഗ്രാമുകളും ചെയ്തിട്ടുള്ളതിനാല്‍ കാമറയെ അഭിമുഖീകരിച്ചപ്പോള്‍ പേടിയൊന്നും ഉണ്ടായില്ല.

നാന്‍ പെറ്റ മകന്‍

മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ കൊല്ലപ്പെട്ട അഭിമന്യുവിനെ കേന്ദ്രീകരിച്ചായിരുന്നു ചിത്രം. അതില്‍ ഷൈമ എന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ വേഷമായിരുന്നു എന്‍േറത്.

നായകന്‍ അറിയാതെ അയാളെ സ്‌നേഹിക്കുന്ന സഹപാഠി. മഹാരാജാസ് കോളജിലായിരുന്നു ഷൂട്ടിംഗ്. കോളജ് അന്തരീക്ഷത്തില്‍ തന്നെയുള്ള ഷൂട്ടിംഗ് ദിനങ്ങള്‍ നന്നായി ആസ്വദിച്ചു. മഹാരാജാസ് കോളജ് എന്ന് കേട്ടിേയുള്ളൂ. പ്രമുഖരായ പലരും പഠിച്ചിറങ്ങിയ സ്ഥലം. 15 ദിവസം ആ കോളജിന്റെ ഭാഗമാകാന്‍ കഴിഞ്ഞു.

വകതിരിവില്‍

രണ്ടാമത് ചെയ്ത ചിത്രമാണ് വകതിരിവ്. അതില്‍ സ്മിത എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയുടെ റോളിലാണ് എത്തിയത്. ശാന്തികൃഷ്ണ, ജോയി മാത്യു എന്നിവരോടൊപ്പമാണ് അതില്‍ അഭിനയിച്ചത്.

ശ്രീനിവാസനൊപ്പം

ശ്രീനിവാസന്‍ സാറിനെ ആദ്യമായി കാണുന്നത് ലൊക്കേഷനില്‍ വച്ചാണ്. ഞാനൊരു തുടക്കക്കാരി. അദ്ദേഹമാണെങ്കില്‍ വളരെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റും. അങ്ങനെ ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെയധികം സൗഹാര്‍ദത്തോടെയാണ് പെരുമാറിയത്. കൂളാണ്. ഡോക്ടറെ എന്നു വിളിച്ചാണ് എന്നോട് സംസാരിച്ചിരുന്നത്.

ഡ്രീം റോള്‍

ബോള്‍ഡായിട്ടുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. പല പ്രോജക്ടുകളും വന്നിട്ടുണ്ട്. എല്ലാം ലോക്ക് ഡൗണില്‍പ്പെട്ട് കിടക്കുകയാണ്.

ഇഷ്ടവേഷം

ട്രഡീഷണല്‍ വേഷം എനിക്ക് ചേരുമെന്നാണ് എല്ലാവരും പറയുന്നത്. എങ്കിലും ജീന്‍സും ടോപ്പുമാണ് കൂടുതലായും ധരിക്കുന്നത്.

നോണ്‍വെജ് പ്രിയം

നോണ്‍വെജ് വിഭവങ്ങളോടാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. യുട്യൂബ് നോക്കി ഇടയ്ക്ക് പാചക പരീക്ഷണമൊക്കെ നടത്താറുണ്ട്.

പഠനം

മലപ്പുറം ചെറൂര്‍ പിപിടിഎംവൈ എച്ച്എസ്എസിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബംഗലൂരു രാജരാജേശ്വരി ഡെന്റല്‍ കോളജിലാണ് മെഡിസിന് പഠിച്ചത്.

സ്‌കൂള്‍ പഠനകാലം മുതല്‍ കലാരംഗത്ത് താല്‍പര്യം ഉണ്ടായിരുന്നു. മൂന്നാം വയസില്‍ നൃത്തപഠനം തുടങ്ങിയതാണ്. പത്തു വര്‍ഷം നൃത്തം പഠിച്ചു. സ്‌കൂള്‍ പഠനകാലത്ത് മോണോആക്ടില്‍ ജില്ല മത്സര വിജയിയായിട്ടുണ്ട്. തിരുവാതിര സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു.

കുടുംബത്തിന്റെ പിന്തുണ

അച്ഛന്‍ സുധീര്‍ ഗൃഹോപകരണങ്ങളുടെ ബിസിനസ് ചെയ്യുന്നു. അമ്മ സീമ ഞങ്ങളുടെ സ്വന്തം ലാബിലാണ് ജോലി ചെയ്യുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന രാഹുലാണ് സഹോദരന്‍.

സീമ മോഹന്‍ലാല്‍

Related posts

Leave a Comment