കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ എത്തിനില്‍ക്കേ അന്വേഷണ എജന്സികള്ക്കെതിരേ ശക്തമായ പ്രചാരണവുമായി സിപിഎം. ഒപ്പം തന്നെ മുന്നണിയിലെ പ്രമുഖ ഘടകക്ഷിയായ സിപിഐയും രംഗത്തെത്തി കഴിഞ്ഞു.
വികസന നേട്ടങ്ങള്‍ക്കൊപ്പം അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള വികാരവും ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. ഇത് വീടുകള്‍ കയറിയുള്ള പ്രചാരണത്തിലും ആയുധമാക്കിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള നീക്കവും തുടര്‍ന്നുണ്ടായേക്കാവുന്ന രാഷ്ട്രീയ കോലാഹലങ്ങളും ശക്തമായി പ്രതിരോധിക്കും. സി.എം. രവീന്ദ്രന് പിന്നില്‍ ശക്തമായ ഉറച്ചുനില്‍ക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ ശക്തമായ പ്രതിരോധം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. അത് നിയമസഭ തെരഞ്ഞെടുപ്പിലെ സാധ്യതയേയും ബാധിച്ചേക്കാം എന്നും നേതൃത്വം കരുതുന്നു.
അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളെ അമിത്ഷാ കൈപ്പിടിയില്‍ ഒതുക്കിയതിന്റെ ഫലമാണ് കേരളത്തില്‍ സംഭവിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു.
ബിജെപിയുടെ കണ്ണിലെ കരടാണ് ഇടതുപക്ഷം. അതുകൊണ്ടാണ് ഏജന്‍സികള്‍ കേരളത്തെ ലക്ഷ്യംവയ്ക്കുന്നതെന്നുമാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞദിവസത്തെ പ്രചാരണങ്ങളിലെല്ലാം ഈ ഒരു രീതിയാണ് സിപിഎം അവംലംബിച്ചത്.
സിപിഐ ദേശീയ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന പ്രസ്താവനയുമായി രംഗത്തത്തിയിട്ടുണ്ട്.
നിലവില്‍ സിപിഎം നേതാക്കള്‍ക്കെതിരേയാണ് ആരോപണങ്ങള്‍ നീളുന്നതെങ്കിലും സിപിഐയുടെ ഉറച്ച പിന്തുണ ഈ സാഹചര്യത്തില്‍ സിപിഎമ്മിന് ലഭിക്കുന്നുണ്ട്.