അഭിനയിക്കുന്ന കഥാപാത്രങ്ങൾ അഭിനേതാവിനെ വിട്ടുപോകാത്ത സംഭവങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂർത്തിയായാലും കഥാപാത്രം അഭിനേതാവിനെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്തരം ഒരു അനുഭവത്തെക്കുറിച്ചാണ് ബോളിവുഡ് നടി രവീണ ടണ്ടൻ വെളിപ്പെടുത്തുന്നത്.
ഡൽഹി കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട് ചിത്രീകരണം പൂർത്തിയാകുന്ന സിനിമയിൽ ടൈറ്റിൽ റോളിലെത്തുന്നത് രവീണയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതോടെ രവീണ കാഥാപാത്രവുമായി ഇഴുകിച്ചേർന്നു. മികച്ചരീതിയിൽ കഥാപാത്രത്തെ ഉൾക്കൊള്ളാനും രവീണയ്ക്ക് സാധിച്ചു.
എന്നാൽ ചിത്രീകരണം പുരോഗമിക്കുന്തോറും കഥാപാത്രം തന്നെ അലോസരപ്പെടുത്താൻ തുടങ്ങിയെന്ന് രവീണ പറയുന്നു. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയശേഷം മൂന്നു ദിവസത്തോളം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അത്രത്തോളം കഥാപാത്രം വേദനിപ്പിക്കുന്നതായിരുന്നു. സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ ഏറെ സമയമെടുത്തെന്നും രവീണ പറഞ്ഞു.
ഓരോ തവണ ഡബ്ബ് ചെയ്യുന്പോഴും കരച്ചിൽ വന്നതിനാൽ വീണ്ടും വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നതായാണ് രവീണ പറയുന്നത്. അതേസമയം, ദില്ലി മാനഭംഗക്കേസുമായി ബന്ധപ്പെട്ടാണ് സിനിമയെങ്കിലും കഥയ്്ക്ക് അതുമായി പൂർണമായി സാമ്യമില്ലെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.