ദിവസേന ട്രെയിനിലും ബസിലുമെല്ലാം നിരവധി സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്.
അത്തരത്തില് തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് ബോളിവുഡ് താരം രവീണ ഠണ്ഡന്.
ട്രെയിനിലും ബസിലും സഞ്ചരിക്കുന്ന മുംബൈയിലെ സാധാരണക്കാര് നേരിടുന്ന പ്രശ്നങ്ങള് അറിയുമോ എന്ന ഒരാളുടെ ചോദ്യത്തിനാണ് രവീണ തന്റെ അനുഭവം പങ്കുവച്ചത്.
എല്ലാ സ്ത്രീകളെയും പോലെതന്നെ തിരക്കുള്ള ബസിലും ട്രെയിനിലും തനിക്കും ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ രവീണ ആ സംഭവങ്ങള് വെളിപ്പെടുത്തുകയും ചെയ്തു.
പലപ്പോഴും പുരുഷന്മാര് മോശമായ രീതിയില് സ്പര്ശിച്ചിട്ടുണ്ടെന്നും പരിഹാസ വാക്കുകള് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
മുംബൈ മെട്രോ ത്രീകാര് ഷെഡ് ആരേ ഫോറസ്റ്റിലേക്കു മാറ്റിയ മഹാരാഷ്ട്ര സര്ക്കാരിന്റെ തീരുമാനത്തിനെതിരെ രവീണയും ദിയ മിര്സയും രംഗത്തെത്തിയിരുന്നു.
സോഷ്യല് മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പോസ്റ്റിനു താഴെ മുംബൈയിലെ സാധാരണക്കാര് നേരിടുന്ന പ്രശ്നങ്ങള് നിങ്ങള്ക്കറിയുമോ എന്ന രീതിയിലുള്ള ചോദ്യങ്ങള് എത്തി. ഇതിനായിരുന്നു രവീണയുടെ മറുപടി.
രവീണയുടെ വാക്കുകള് ഇങ്ങനെ…എന്റെ കൗമാര കാലത്ത് ഞാന് ലോക്കല് ട്രെയിനുകളിലും ബസുകളിലും സ്ഥിരമായി യാത്ര ചെയ്തിരുന്നു. മിക്ക സ്ത്രീകളും അനുഭവിച്ച പോലെ യാത്രാമധ്യേ നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുണ്ട്.
നുള്ളലും തോണ്ടലുമെല്ലാം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. 1992ല് ഞാന് എന്റ ആദ്യ കാര് സ്വന്തമാക്കിയ ശേഷമാണ് ഈ ദുരന്തയാത്ര അവസാനിച്ചത്. വായില് സ്വര്ണക്കരണ്ടിയുമായല്ല എല്ലാവരും ജനിക്കുന്നത്.
ഓരോ സ്ഥലങ്ങളിലും എത്താന് വലിയ കഷ്ടപ്പാടുകള് നേരിടേണ്ടി വന്നിരിക്കും. നിങ്ങള്ക്ക് സ്വന്തമായി ഒരു വീടോ കാറോ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്.
പ്രകൃതി ദുരന്തങ്ങള് ബാധിക്കുന്നത് സാധാരണക്കാരെയാണ്. വികസനം മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തം. രവീണ പറയുന്നു.