എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകില്ല. കോവിഡനാന്തര ചികിത്സക്കായി രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചിയിലെ ഇഡിയുടെ ഓഫീസിൽ എത്താൻ നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യവും തലവേദനയും ക്ഷീണവും ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അദ്ദേഹത്തിനെ കിടത്തി ചികിത്സയ്ക്ക് വിധേയനാക്കി. ഉടൻ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയിയെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇപ്പോൾ മെഡിക്കൽ കോളജ് ഡീലക്സ് പേവാർഡ് 18ൽ ആണ് സി.എം. രവീന്ദ്രൻ ചികിത്സയിൽ കഴിയുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെയും മൂന്നാം ഘട്ട വോട്ടെടുപ്പ് 14നുമാണ്.
ഈ സാഹചര്യത്തിൽ രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരായാൽ അതു എൽ ഡി എഫിനു കനത്ത തിരിച്ചടിയാകും. രവീന്ദ്രൻ ഇത് മൂന്നാം വട്ടമാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. കഴിഞ്ഞ രണ്ടു ഘട്ടത്തിലും ചികിത്സയുടെ പേരുപറഞ്ഞാണ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറിയത്.
ഇതു പ്രതിപക്ഷം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ രാഷ്ട്രീയ ആയുധമായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. ഒടുവിൽ ഇതിനെ പ്രതിരോധിക്കാൻ രവീന്ദ്രനോട് ഒഴിഞ്ഞു മാറാതെ ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തന്നെ നിർദ്ദേശിച്ചു.
അതിനു ശേഷമാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം ഇനി ഹാജരായാൽ മതിയെന്ന ധാരണയിലാണ് ഇപ്പോഴത്തെ ആശുപത്രി വാസമെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.
സി.എം രവീന്ദ്രൻ ഇനി ഇഡിക്കു മുന്നിൽ ഹാജരായാൽ അതു എങ്ങനെ അവസാനിക്കുമെന്ന ഭയം അദ്ദേഹത്തിനും സിപിഎമ്മിനും ഉണ്ട്. ഏതെങ്കിലും തരത്തിൽ കടുത്ത നടപടി ഉണ്ടായാൽ അത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും.
അതിനാൽ ഈ ഘട്ടത്തിൽ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനോട് എൽ ഡി എഫിനും സി പി എമ്മിനും അത്ര താത്പര്യമില്ല. മൂന്നാംഘട്ട വോട്ടെടുപ്പ് കഴിയുന്നതു വരെ രവീന്ദ്രന്റെ ആശുപത്രിവാസം തുടരാനാണ് സാധ്യത.
പ്രതിപക്ഷം ഈ വിഷയം ഇപ്പോൾ തന്നെ പ്രചാരണയുധമാക്കി മുഖ്യമന്ത്രിക്കും എൽഡിഎഫിനുമെതിരേ ആക്രമണം തുടരുകയാണ്. ഇപ്പോഴത്തെ ആശുപത്രിവാസത്തെ ഒന്നു കൂടി വിമർശനവിധേയമാക്കാനാണ് യു ഡിഎഫിന്റെയും ബി ജെ പി യുടെയും തീരുമാനം.
ഇലക്ഷൻ കഴിഞ്ഞതിനു ശേഷം എന്തു നടപടി ഉണ്ടായാലും പ്രതിരോധിക്കാൻ സമയം കിട്ടുമെന്ന വിലയിരുത്തലിലാ ണ് സിപിഎം. അതിനാൽ നിലവിൽ രവീന്ദ്രന് പ്രതിരോധ കവചമായി സിപി എം നിൽക്കുമെന്ന് ഉറപ്പാണ്.
ഇപ്പോൾ കൈവിട്ടാൽ തെരഞ്ഞെടുപ്പിൽ അത് കനത്ത തിരിച്ചടിക്ക് ഇടയാക്കുമെന്നെ കണക്കുകൂട്ടലിലാണ് സിപിഎം. അതിനാലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സി.എം രവീന്ദ്രന് പിന്തുണയുമായി ഇന്ന് രംഗത്തു വന്നത്.