കൊച്ചി: ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നു നോട്ടീസ് നല്‍കിയേക്കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘമാണ് നോട്ടീസ് അയക്കുക. എന്ന് ഹാജരാകണം എന്ന കാര്യത്തിൽ ഡല്‍ഹിയില്‍നിന്നും ഇഡി ഡയറക്ടറിന്റെ നിര്‍ദേശപ്രകാരം തീയതി നിശ്ചയിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
ഈ ആഴ്ച തന്നെ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്കുന്ന സൂചന.
സ്വപ്നയുടെ മൊഴി
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.
രവീന്ദ്രനു പിന്നാലെ എഐഎസ് ഉദ്യോഗസ്ഥരും ഏതാനും സെക്രട്ടറിമാരും ചോദ്യം ചെയ്യലിലേക്കു വിളിക്കപ്പെടും. സ്വപ്നയുടെ മൊഴി പ്രകാരം ശിവശങ്കറും രവീന്ദ്രനും സ്വര്‍ണക്കടത്തില്‍ മാത്രമല്ല, മറ്റു ബിസിനസുകളിലും നിര്‍ണായകസ്വാധീനമുണ്ട്.
മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായാണ് രവീന്ദ്രന് അറിയപ്പെടുന്നത്.
നിക്ഷേപങ്ങൾ കുരുക്കാകും
ഊരാങ്കല് സൊസൈറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ രവീന്ദ്രന്റെയും മറ്റുസിപിഎം നേതാക്കളുടെയും പങ്ക് നിര്‍ണായകമാണ്. ഇതിനകം രവീന്ദ്രനെ സംബന്ധിച്ച തെളിവുകള്‍ പലതും ശേഖരിച്ചു കഴിഞ്ഞു.
രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം ഉണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ജില്ലകളിലെ 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന് ഓഹരി നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
വസ്ത്രവ്യാപാരശാലകള്‍, മൊബൈല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.
24 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകള്‍ ലഭിച്ചത്. തിരുവനന്തപുരത്ത് ഫ്ളാറ്റ് സമുച്ചയം, കോഴിക്കോട്ടെ ഫ്ളാറ്റ്, വടകരയിലെ ബിനാമി സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം രവീന്ദ്രനും ബന്ധുവായ ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണു കണ്ടെത്തല്‍.
വടകരയില്‍ രവീന്ദ്രന്റെ മറ്റൊരു ബന്ധുവിന്റെ പേരിലാണു തുണിക്കട, മൊബൈല്‍ ഷോറൂം, ഹാര്ഡ്വേര് സ്ഥാപനം എന്നിവയുള്ളത്. ഓര്‍ക്കാട്ടുശേരി, ഒഞ്ചിയം, ഇടയ്ക്കാട്, നിരവില്‍പുഴ എന്നിവിടങ്ങളിലും ഇവര്‍ക്കു സ്ഥാപനങ്ങളുണ്ട്.
നോട്ടീസ് നൽകിയപ്പോൾ ചികിത്സ
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചതിനു പിന്നാലെ രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
രോഗമുക്തനായ രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കിയതോടെ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് വീണ്ടും ചികിത്സ തേടി. ഇതിനു പിന്നാലെയാണ് ഇഡി ചില റെയ്ഡുകള്‍ നടത്തിയത്.
അതേസമയം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്കിയ ഹര്‍ജിയില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ശിവശങ്കറെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.