ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതു അടുത്ത ആഴ്ചത്തേക്കു മാറ്റിവച്ചുകൊണ്ടു ബിനാമി ഇടപാടുകൾ ശേഖരിച്ച് എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
വടകരയിലും തിരുവനന്തപുരത്തും സ്ഥാപനങ്ങളിലും ഭവനങ്ങളിലും റെയ്ഡ് നടത്തി ബിനാമി ഇടപാടുകള്‍ ശേഖരിച്ചതിനു പിന്നാലെ യാണ് രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരത്തിനായി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനും കത്ത് നല്കി.
ചോദ്യം ചെയ്യലില്‍ നിന്നും അതിവിദഗ്ധമായി ഒഴിഞ്ഞു മാറി നിന്ന രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിട്ടാണ് സ്വത്തുസംബന്ധിച്ച പൂര്‍ണവിവരം ശേഖരിച്ചിരിക്കുന്നത്.
രവീന്ദ്രനു ബിനാമി ഇടപാടുകളുണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള രേഖകളെല്ലാം ഇഡിയുടെ കൈയില്‍ ലഭിച്ചതിനുശേഷമാണ് രജിസ്ട്രേഷന് വകുപ്പിനു സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രവീന്ദ്രന്റെ പേരില്‍ മാത്രമല്ല ഭാര്യയുടെ പേരിലും ബന്ധുക്കളുടെ പേരിലും സ്വത്തുകളുണ്ട്. കൂടാതെ ബിനാമി ഇടപാടുകളില്‍ ഇതിനകം കോടികള്‍ സമ്പാദിച്ചതിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്. സ്വപ്ന സുരേഷിന്റെ മൊഴികളാണ് രവീന്ദ്രനിലേക്ക് അന്വേഷണം നീളാന്‍ കാരണമായത്.
സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്നും ശിവശങ്കര്‍ ഇടപാടുകളിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.
പദ്ധതികളില്‍ സി.എം. രവീന്ദ്രന് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. നവംബര്‍ 6ന് ചോദ്യം ചെയ്യല്‍ നോട്ടീസ് ഇഡി രവീന്ദ്രന് നല്‍കിയിരുന്നു.
എന്നാല്‍ അടുത്ത ദിവസം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചതിനെ ത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് മുക്തനായ ശേഷം ഒരാഴ്ച ക്വാറന്റൈനും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇഡി രണ്ടാമതും നോട്ടീസ് നല്‍കിയത്.
വെള്ളിയാഴ്ച ഹാജരാകണമെന്നായിരുന്നു ഇ ഡിയുടെ നോട്ടീസ്. എന്നാല്‍ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഈ ആഴ്ച ചോദ്യം ചെയ്യാനുള്ള ഒരുക്കമായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മാത്രമേ ഈ ആഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നോട്ടീസ് നല്കുകയുള്ളൂവെന്നു ഇഡി വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.
രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുമ്പു റെയ്ഡ് ആരംഭിക്കുകയും വിവരശേഖരണം നടത്തുകയുമായിരുന്നു.