കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനുപോലും ഹാജരാകാതെ ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ലഭിക്കും.
ഇതു പഠിച്ച ശേഷം അടുത്ത നടപടി കൈക്കൊള്ളാണ് ഇഡിയുടെ ആലോചന. കാര്യമായ ആരോഗ്യപ്രശ്നമൊന്നുമില്ലെങ്കില് രവീന്ദ്രനെ കസ്റ്റഡിയിലെടുക്കാന്‍ വരെ ഇഡി തയാറാകും.
മൂന്നാംവട്ടവും ഹാജരാകാതെ മാറി നില്ക്കുന്ന രവീന്ദ്രന്റെ നിലപാടിനോടു വിട്ടുവീഴ്ച വേണ്ടെന്ന അഭിപ്രായവും ഉയരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ എത്രസമയം വേണമെങ്കിലും നല്‍കാനും ഇഡി ശ്രമിക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ കാര്യത്തില്‍ ഇഡി വളരെ സമയം നല്‍കിയിരുന്നു. പല പ്രാവശ്യം ചോദ്യം ചെയ്തിട്ടും അറസ്റ്റു ചെയ്യാതെയിരുന്നതും അദേഹത്തിന്റെ സഹകരണം മൂലമായിരുന്നു.
എന്നാല്‍ ബിനീഷ് കോടിയേരിയുടെ ഭവനത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നു സ്വത്ത് മരവിപ്പിക്കല്‍ അടക്കമുള്ള നടപടിയിലേക്കാണ് ഇഡി നീങ്ങിയത്.
രവീന്ദ്രനെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. പ്രതിയാണെന്നു കോടതിയിൽ നൽകിയ റിപ്പോർട്ടുകളിലും പറഞ്ഞിട്ടില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴികളുടെ വെളിച്ചത്തില്‍ ഇഡിക്കു ചില സംശയങ്ങളുണ്ട്. ഈ സംശയനിവാരണത്തിനാണ് രവീന്ദ്രനെ വിളിച്ചിരിക്കുന്നത്. ഇതിനു വിശദീകരണം നല്കാന് രവീന്ദ്രന് ബാധ്യസ്ഥനാണ്.
അതില്‍ വീഴ്ച വരുത്തുമ്പോഴാണ് പ്രശ്നമാകുന്നതെന്നാണ് ഇഡി നിലപാട്.രവീന്ദ്രന് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിനു പോയിട്ടില്ല. അതു കൊണ്ടു തന്നെ നിലവില്കോടതിയുടെ അനുമതിയില്ലാതെ ചോദ്യം ചെയ്യാന്‍ സാധിക്കും.
മുന്‍കൂര്‍ ജാമ്യത്തിനു പോയാല്‍ പ്രതിയായി കാണാത്ത ഒരാളുടെ ഹര്‍ജിയ്ക്കു കോടതിയില്‍ വലിയ വില നല്‍കില്ല. എന്നാല്‍ രവീന്ദ്രനെ സംബന്ധിക്കുന്ന രേഖകളും മൊഴികളും ഇഡിക്കു മുന്നിലുണ്ട്. സ്വത്ത് സംബന്ധിച്ച വിവരങ്ങളും ഇഡിയുടെ കൈവശമുണ്ട്.
ഒരു ഔദ്യോഗികതയുടെ പേരിലാണ് സര്‍ക്കാരിനോടു സ്വത്ത് വിവരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്ന നിലപാടും ഇഡിക്കുണ്ട്.
വടകര, തിരുവനന്തപുരം മേഖലയിലെ റെയ്ഡിലൂടെ നിരവധി വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ഇതില്‍ രവീന്ദ്രന്റെ മൊഴി എന്താണ് എന്നാണ് അറിയേണ്ടത്.