ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനു വിളിക്കപ്പെട്ട സി.എം. രവീന്ദ്രന്റെ ഒളിച്ചുകളിയിൽ മറുപടിക്കായി ഡല്‍ഹി തീരുമാനവും കാത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇന്നു മെഡിക്കല്‍ ബോര്‍ഡ് കൂടുന്ന സാഹചര്യത്തില്‍ ആ വിവരം കൂടി അറിഞ്ഞശേഷം രണ്ട് മാർഗങ്ങളാണ് ഇഡി ആലോചിക്കുന്നത്. ഒന്ന് കോടതിയെ സമീപിച്ചു ആശുപത്രിയില്‍നിന്നും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുക.
അല്ലെങ്കില്‍ ആശുപത്രിയില്‍നിന്നും കസ്റ്റഡിയിലെടുക്കുകയോ ഡിസചാര്‍ജ് വരെ കാത്തിരിക്കുകയോ ചെയ്യുക. പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിംകുഞ്ഞിനോടു വിജിലന്‍സ് സ്വീകരിച്ച നടപടി പ്രകാരം ആശുപത്രിയില്‍ എത്തി അറസ്റ്റു ചെയ്യാന്‍ സാധിക്കും.
എന്നാല്‍ ഇത് ഡല്‍ഹിയില്‍നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുന്നോട്ടു പോകുകയുള്ളൂ. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത സി.എം. രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നതിനു പിന്നിലെ
ഒരു തന്ത്രം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും ഒഴിവാക്കുകയാണെന്ന വിവരമാണ് ഇഡിക്കു ലഭിച്ചിരിക്കുന്നത്.
ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യലോ അറസ്റ്റോ ഉണ്ടായാല്‍ അത് വലിയ ചര്‍ച്ചാവിഷയമാകുമെന്നും വന്‍തോതില്‍ വോട്ടിംഗിനെ ബാധിക്കുമെന്നുമാണ് സിപിഎം വിലയിരുത്തുന്നത്.
രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സ്വര്‍ണ കള്ളക്കടത്തുമായും ലൈഫ് മിഷന് അഴിമതിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറുകള്‍ നല്‍കിയതുമായും ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ ചുരുളഴിയുമെന്ന് സിപിഎം ഭയക്കുന്നു.
പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബന്ധുവും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ രവീന്ദ്രനാണെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.
രവീന്ദ്രനുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്താല്‍ രവീന്ദ്രന് പല കാര്യങ്ങളും സമ്മതിക്കേണ്ടിവരും. അതു സര്‍ക്കാരിന്റെ നില പരുങ്ങലിലാക്കും. അസുഖ കാരണം പറഞ്ഞാണ് മൂന്നാം തവണയും രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാതെ മാറി നില്‍ക്കുന്നത്.
കഴുത്തുവേദനയാണെന്നും രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നുമാണ് രവീന്ദ്രന് ഇഡിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇക്കാലയളവിനുള്ളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കാന് സാവകാശവും ലഭിക്കും.
ഉത്തരവുണ്ടായില്ലെങ്കിലും ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചാല്‍ തന്നെ അതുപറഞ്ഞ് പിടിച്ചുനില്‍ക്കാം. എന്നാല്‍ അതിനുള്ള സാവകാശം ഇഡി നല്‍കിയില്ലെന്നാണ് അറിയുന്നത്.