സ്വന്തം ലേഖകൻ
പഴയന്നൂർ: കാൻസർ രോഗബാധിതനായി ആരും നോക്കാനില്ലാതെ ദുരിതക്കയത്തിൽ കഴിഞ്ഞ പഴയന്നൂർ സൗത്ത് കൊണ്ടാഴി ആൽപെട്ടിയിൽ രവീന്ദ്രനെ (48) ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ചേലക്കര വെങ്ങാനെല്ലൂരിലെ ഗായത്രി ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു.
അടച്ചുറപ്പില്ലാത്ത വീട്ടിൽ ആരും നോക്കാനില്ലാതെ അവശനായി കിടന്നിരുന്ന രവീന്ദ്രനെക്കുറിച്ച് വാർഡ് മെന്പർ ടി.രവീന്ദ്രൻ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സെക്രട്ടറി എം.ജയലക്ഷ്മിയും മെന്പർമാരായ പി.പ്രശാന്തിയും പ്രിയംവദയും ചേർന്ന് നേരിട്ടെത്തുകയും കട്ടിലും പായയും ഷീറ്റും കന്പിളിയും നൽകി രവീന്ദ്രനെ നിലത്ത് മണ്ണിൽ നിന്നും മാറ്റിക്കിടത്തുകയും ചെയ്തു.
പഴയന്നൂരിലെ സാമൂഹ്യ പ്രവർത്തക ശോഭ പഴയന്നൂരിനെ രവീന്ദ്രന്റെ ദുരവസ്ഥ അറിയിക്കുകയും അവർ സ്ഥലത്തെത്തി വിവിധ ചാരിറ്റബിൾ ട്രസ്റ്റുകളുമായി ബന്ധപ്പെടുകയും രവീന്ദ്രന്റെ ബന്ധുക്കളുമായി പഞ്ചായത്ത് അധികൃതർ ചർച്ച നടത്തുകയും ചെയ്തു.
എന്നാൽ രവീന്ദ്രനെ ഏറ്റെടുക്കുന്നതിൽ ബന്ധുക്കൾ പ്രയാസം അറിയിച്ചു. രവീന്ദ്രനെ സംരക്ഷിക്കുന്നവർക്ക് കുടുംബവിഹിതമായി ലഭിക്കുന്ന വിഹിതം നൽകാൻ കുടുംബക്കാർ സമ്മതിച്ചു.
ശോഭ പഴയന്നൂർ അറിയിച്ചതിനെ തുടർന്ന് ഗായത്രി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറും പ്രവർത്തകരും വന്ന് രവീന്ദ്രനെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് ഏറ്റെടുക്കുകയായിരുന്നു.
അയൽവാസികളടക്കമുള്ളവർ രവീന്ദ്രനെ യാത്രയാക്കാൻ വന്നിരുന്നു. പഴയന്നൂർ ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി രവീന്ദ്രനെ ട്രസ്റ്റിലേക്ക് കൊണ്ടുപോയി.
കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയറിലെ പരിചരണമാണ് രവീന്ദ്രന് ഇത്രനാളും നൽകിയത്. പാലിയേറ്റീവ് കെയറിലെ നേഴ്സ് സുഷമയും രവീന്ദ്രനെ യാത്രയാക്കാൻ എത്തിയിരുന്നു. ു