പയ്യന്നൂര്‍: മരണം തട്ടിയെടുത്ത സഹപ്രവര്‍ത്തകന്റെ അന്ത്യാഭിലാഷം പൂവണിയിക്കാനുള്ള സഹപ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ സഫലമായി. കാസര്‍ഗോഡ് എസ്പി ഓഫീസില്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന കോത്തായി മുക്കിലെ മൈയ്യിച്ച രവീന്ദ്രന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീട് പൂര്‍ത്തിയായി.
കാസര്‍ഗോഡ് റെയില്‍വേ പോലീസിലും കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലും രവീന്ദ്രന് ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളമായി മസ്തിഷ്ക രോഗംമൂലം ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മേയ് നാലിനാണ് മരണമടഞ്ഞത്.നാട്ടുകാര്‍ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയും സഹപ്രവര്‍ത്തകരുടെ സഹായങ്ങളുമായിരുന്നു രവീന്ദ്രന് തുണയായുണ്ടായിരുന്നത്. സ്വന്തമായി ഒരു വീട് എന്ന രവീന്ദ്രന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്‍കൈ എടുത്തതും ഇവരായിരുന്നു.
വീടിന്റെ കട്ടിളവപ്പ് കര്‍മ്മം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ നിര്‍വ്വഹിച്ചപ്പോള്‍ രവീന്ദ്രനില്‍ കണ്ട സന്തോഷത്തിന് ഒരുദിവസത്തെ അയുസുമാത്രമാണുണ്ടായത്.പിറ്റേ ദിവസമാണ് സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി വീടെന്ന സ്വപ്നം അവശേഷിപ്പിച്ചുള്ള വിടപറയല്‍. തുടർന്ന് രവീന്ദ്രന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാൻ നാട്ടുകാരും സഹപ്രവര്‍ത്തകരും കൈകോർക്കുകയായിരുന്നു.
കല്ലുകെട്ട് ജോലികള്‍ പൂര്‍ണമായും പയ്യന്നൂര്‍ ഏരിയാ കല്ലുകെട്ട് തൊഴിലാളി സംഘടനയാണ് നിർവ്വഹിച്ചത്. അവശേഷിക്കുന്ന ചെറിയ മിനുക്ക് പണികള്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പി.ഷിജിത്ത് കണ്‍വീനറായുള്ള സംഘാടകസമിതി.
സ്വപ്ന ഭവനവും കുടുംബ സഹായ നിധിയും 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോത്തായി മുക്കില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് രവീന്ദ്രന്റെ കുടുംബത്തിന് കൈമാറും.റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യാതിഥിയായി സംബന്ധിക്കും.
സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.കരുണാകരന് എംപി, എം.രാജഗോപാലന്‍ എംഎല്‍എ, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസ്, തളിപ്പറമ്പ് ഡിവൈഎസ്പി പി.കെ.സുധാകരന്, പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, പോലീസ് സംഘടനാ ഭാരവാഹികള്‍, സഹപ്രവര്‍ത്തകര്‍,രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.