കുറവിലങ്ങാട്: രാസദ്രാവകം കഴിച്ചു തൊഴിലാളി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കടപ്ലാമറ്റം ചുമടുതാങ്ങി ചിരട്ടാപ്പുറം രവീന്ദ്ര (56)നാണ് മരിച്ചത്.
പോസ്റ്റുമോർട്ടം റിപോർട് ലഭിച്ചതിനു ശേഷം മരണകാരണം വിയക്തമാകും. ഇന്നലെ രാവിലെ പത്തോടെ വോട്ട് ചെയ്ത ശേഷമായിരുന്നു സംഭവം. കടപ്ലാമറ്റം സെന്റ് ആന്റണീസ് സ്കൂളിൽ പ്രവർത്തിച്ച പോളിംഗ് സ്റ്റേഷന് സമീപമുള്ള കോഴിഫാമിനോട് ചേർന്നായിരുന്നു അവശനിലയിൽ രവീന്ദ്രനെ കണ്ടെത്തിയത്.
യൂത്ത്ഫ്രണ്ട് എം നേതാവിന്റെ കോഴിഫാമിൽ സൂക്ഷിച്ചിരുന്ന രാസദ്രാവകം മദ്യമെന്നു കരുതി കുടിച്ചതാകാം കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. എൽഡിഎഫ് വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. കോഴിഫാം പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു.
കടപ്ലാമറ്റം സെന്റ് ആന്റണീസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം രവീന്ദ്രൻ സമീപത്തുള്ള യൂത്ത്ഫ്രണ്ട് എം നേതാവിന്റെ വീട്ടിലെ കോഴിഫാമിൽ എത്തി മദ്യമാണ് എന്നു കരുതി രാസദ്രാവകം കഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ആസ്വാസ്ഥ്യങ്ങളനുഭവപ്പെടുന്ന സാഹചര്യത്തിൽ കോഴിഫാമിനോട് ചേർന്ന് കിടന്ന രവീന്ദ്രനെ പോളിംഗ് ബൂത്തുമായി ബന്ധപ്പെട്ട് പ്രവർച്ചിരുന്നയാളാണ് കണ്ടെത്തിയത്.രവീന്ദ്രനെ കിടങ്ങൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ യുഡിഎഫ് ദുരൂഹത ആരോപിച്ചു.
പോലീസ് ശാസ്ത്രീയ പരിശോധനാ വിഭാഗം, എക്സൈസ് എന്നിവർ ഫാമിൽ പരിശോധന നടത്തിയെങ്കിലും മദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. അസ്വഭാവിക മരണത്തിനു കേസെടുത്തതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ മരണകാരണം കണ്ടെത്താനാകൂവെന്നും മരങ്ങാട്ടുപിള്ളി പോലീസ് പറയുന്നു.
മനുഷ്യജീവന് ഹാനികരമായി കോഴിഫാമിനോട് ചേർന്ന് കണ്ടെത്താനായത് കീടനാശിനി മാത്രമാണെന്നും ഇത് ഉപയോഗിച്ചുണ്ടോയൊന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. കീടനാശിനിയുടെ അളവിൽ കുറവുണ്ടായിട്ടുള്ളതായി ഫാം ഉടമ പറഞ്ഞതായും പോലീസ് പറയുന്നുണ്ട്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഭാര്യ: സ്വപ്ന. മക്കൾ: രേവതി, രഞ്ജിത്ത്.