ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അടുത്ത ആഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇത്തവണയും ഒഴിവുകൾ പറഞ്ഞ് ചോദ്യംചെയ്യുന്നത് നീട്ടാനുള്ള ശ്രമത്തിൽ.
ഇഡി മൂന്നാം പ്രാവശ്യമാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. പത്തിനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 11-ാം തീയതി വരെ ചികിത്സയുമായി ബന്ധപ്പെട്ട വിശ്രമം ആവശ്യമായതുമൂലം ഹാജരാകാന്‍ സാവകാശം വേണമെന്ന് ഇഡിയോടു രവീന്ദ്രന് ആവശ്യപ്പെട്ടതായി അറിയുന്നു.
എന്നാല്‍ ഇഡി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതോടെ രവീന്ദ്രന് കോടതിയെ സമീപിക്കുമെന്ന സൂചനയും പുറത്തുവരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞു ഹാജരാകാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനാണ് ഇഡി തീരുമാനം.
രവീന്ദ്രനെ സംബന്ധിച്ച ബിനാമി ഇടപാടുകളും കേസിലേക്കു നയിക്കുന്ന ബന്ധങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും ഇഡി ശേഖരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്നതിനെക്കാള് ഉപരി പാര്‍ട്ടി നേതാവായതു മൂലം സിപിഎം രവീന്ദ്രനെ കൈയൊഴിയുന്നില്ല.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായതുമൂലം പാര്‍ട്ടി രവീന്ദ്രനു ക്ലിന്‍ചീറ്റ് നല്‍കിയിരിക്കുകയാണ്. ചോദ്യം ചെയ്യാന്‍ വിളിച്ചുവെന്ന കാരണത്താല്‍ ഒരാളും പ്രതിയാകുന്നില്ലെന്നാണ് സിപിഎം നിലപാട്. ഈ നിലപാട് ശിവശങ്കറിന്റെ കാര്യത്തില്‍ പാലിച്ചില്ലെന്നുമാത്രം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയും വിശ്വസ്തനുമായ ഉന്നത ഉദ്യോഗസ്ഥനായിട്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തന്നെ സിപിഎം ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞു.
രവീന്ദ്രനെ പാര്‍ട്ടിക്കു തള്ളിപ്പറയാനും സാധിക്കാത്ത അവസ്ഥയുമുണ്ട്. പാർട്ടിയിലെ നേതാക്കളുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ പലരും രവീന്ദ്രനെ ഭയപ്പെടുന്നുണ്ട്.
കൂടാതെ ഇന്നും പാര്‍ട്ടിയിലെ പ്രമുഖര്‍ക്കും രവീന്ദ്രനുമായി അടുത്തബന്ധമുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ അടുത്ത ആള് എന്ന നിലയില്‍ ഭരണ കേന്ദ്രത്തില്‍ പോലും സ്വാധീനമുണ്ട്.
കൂടാതെ ചോദ്യം ചെയ്യാന്‍ വിളിക്കുന്ന പാര്‍ട്ടി നേതാക്കളെയെല്ലാം സിപിഎം തള്ളിപ്പറഞ്ഞാല്‍ നാളെ കൂടുതല്‍ പ്രമുഖര്‍ക്കു അതു തിരിച്ചടിയാകും.
ഇതെല്ലാം മുന്നില്‍ കണ്ടാണ് കേന്ദ്ര ഏജന്‍സികളുടെ നിലപാടിനെ പരസ്യമായി സിപിഎം തള്ളിപ്പറയുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനു നോട്ടീസ് നല്‍കുന്നത്.