കോട്ടയം: കുട നന്നാക്കുന്നവർക്കും കുട വിൽപനക്കാർക്കും മഴക്കാലം കഷ്ടകാലം.ജൂണ്‍ ഒന്നിന് ആരംഭിക്കേണ്ട കാലവർഷം ഇതുവരെ കേരളത്തിൽ സജീവമായിട്ടില്ല. ഇതോടെ കുട നന്നാക്കി കുടുംബം പുലർത്തിയിരുന്ന രവീന്ദ്രന്റെ കാര്യം പരുങ്ങലിലായി. കോട്ടയം നഗരത്തിൽ കളരിക്കൽ ബസാറിലെ പ്രമുഖ കുട വിൽപന കടയായ പി.കെ.കുര്യൻ ആൻഡ് കന്പനിയുടെ മുന്നിലാണ് തിരുവാർപ്പ് പാക്കത്തുശേരിൽ രവീന്ദ്രൻ ഇരിക്കുന്നത്.
വർഷത്തിൽ ഏറെ പണിയുള്ളത് ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴക്കാലത്താണ്. മഴ നന്നായി പെയ്യാത്തതിനാൽ കുട നന്നാക്കാൻ പോലും ആളുകൾ വരുന്നില്ല. രവീന്ദ്രന്റെ സഹോദരൻ മോഹനനും ചേർന്നാണ് കുട നന്നാക്കു ജോലി ചെയ്തുവരുന്നത്. പണി കുറഞ്ഞതോടെ മോഹനൻ മറ്റു ജോലികൾ തേടിപ്പോയി.
മുൻ വർഷങ്ങളിൽ മഴക്കാലത്ത് കുട നന്നാക്കാൻ വരുന്നവരുടെ നല്ല തിരക്കായിരുന്നുവെന്ന് രവീന്ദ്രൻ പറഞ്ഞു. രാത്രിയിൽ നന്നാക്കാനായി ഒരു കെട്ട് കുടയുമായാണ് വീട്ടിൽ പോകുന്നത്. ഞായറാഴ്ച പോലും വീട്ടിലിരുന്നിട്ടില്ല. ഇന്നിപ്പം പല ദിവസങ്ങളിലും ഇവിടെ വെറുതേ ഇരിക്കുകയാണ്.
41 വർഷമായി രവീന്ദ്രൻ ഇവിടെ കുട നന്നാക്കു ജോലി ചെയ്തുവരുന്നു. ഇതിനിടെ ഒരിക്കൽ മാത്രമാണ് ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ പെയ്യാതിരുന്നതെന്ന് രവീന്ദ്രൻ ഓർമിക്കുന്നു. അടുത്ത മാസമെങ്കിലും മഴ പെയ്യണേ എന്നാണ് രവീന്ദ്രന്റെ പ്രാർഥന.
കുട നന്നാക്കുകാരുടെ എണ്ണം കുറഞ്ഞതോടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ രവീന്ദ്രനെ തേടി വരും. 80 വർഷത്തിലധികമായി കുട വിൽപന നടത്തി വരുന്ന കോട്ടയത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ് പി.കെ.കുര്യൻ ആൻഡ് കന്പനി. മൂന്നാം തലമുറയിൽപ്പെട്ട കടയുടമ എബിക്കും പറയാനുള്ളത് മഴയ്ക്കു വേണ്ടി പ്രാർഥിക്കുന്നു എന്നാണ്. കുട വിപണി തകർന്നു. പക്ഷേ വെള്ളവും വെളിച്ചവും വേണമെങ്കിലും മഴ പെയ്യണമല്ലോ. അതിനാണ് പ്രാർഥന.