കൊച്ചി: സൈക്കിളിൽ സഞ്ചാരം, സാധാരണ ഫോൺ… ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി സി.രവീന്ദ്രനാഥിന്റെ ജീവിത രീതി തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് വൈറലായിരുന്നു. എന്നാൽ നാമനിർദ്ദേശപത്രികയ്ക്കൊപ്പം അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നതോടെ മുൻമന്ത്രിയുടെ ലളിത ജീവിതത്തെ ട്രോളുകയാണ് പ്രതിപക്ഷ നവമാധ്യമ ഗ്രൂപ്പുകൾ.
ലളിത ജീവിതം നയിക്കുന്ന ഇടത് സ്ഥാനാർഥിക്ക് 2.95 കോടിയുടെ സ്വത്തുണ്ടെന്നതാണ് പരിഹാസ വിഷയമായിരിക്കുന്നത്. രവീന്ദ്രനാഥിന് 1.55 കോടി രൂപയുടെ കാര്‍ഷികേതര ഭൂമിയും കെട്ടിടങ്ങളുമുണ്ട്.
ഭാര്യ എം.കെ. വിജയത്തിന് 45 ലക്ഷം രൂപയുടെ കാര്‍ഷികേതര ഭൂമിയും പീച്ചി, പാണഞ്ചേരി, നെന്മണിക്കര വില്ലേജുകളിലായി 68.75 ലക്ഷം രൂപയുടെ കാര്‍ഷിക ഭൂമി അടക്കം 1.13 കോടി രൂപയുടെ സ്വത്തുക്കളുണ്ട്.
വിവിധ ബാങ്കുകളിലായി 1.27 ലക്ഷം രൂപയുടെ നിക്ഷേപമാണ് രവീന്ദ്രനാഥിനുള്ളത്. കൂടാതെ സര്‍വീസ് പെന്ഷന് ഇനത്തില്‍ 68,204 രൂപയും, എംഎല്‍എ പെന്‍ഷനായി 30,000 രൂപയും ലഭിക്കുന്നുണ്ട്. ട്രഷറി, സൊസൈറ്റി അടക്കമുള്ള വിവിധ ബാങ്കുകളിലായി 25.99 ലക്ഷം രൂപയുടെ നിക്ഷേപമാണ് എം.കെ. വിജയത്തിനുള്ളത്.
സര്‍വീസ് പെന്‍ഷനായി 80,187 രൂപ ലഭിക്കുന്നുമുണ്ട്. രവീന്ദ്രനാഥിന് എസ്ബിഐയില്‍ 10 ലക്ഷം രൂപയുടെ വായ്പയും വിജയത്തിന് മൂന്ന് ബാങ്കുകളിലായി 34.72 ലക്ഷം രൂപയുടെ വായ്പയുമുണ്ട്. എന്നാൽ സ്ഥാനാർഥിക്കെതിരേ ക്രിമിനല്‍ കേസുകള്‍ നിലവിലില്ല.
അധ്യാപകനായി കോളജിൽ സേവനമനുഷ്ഠിച്ചപ്പോഴും സൈക്കിളിലെത്തുന്ന പ്രഫസർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു രവീന്ദ്രനാഥ്.
വർഷങ്ങൾക്ക് മുൻപ് ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ രാത്രി കേരളവർമ കോളജിന് സമീപത്തെ വീട്ടിൽനിന്ന് പടിഞ്ഞാറെക്കോട്ട വരെ നടക്കേണ്ടിവന്ന കാര്യം പിറ്റേന്ന് സ്റ്റാഫ് റൂമിലെ സൊറ പറച്ചിലിനിടയിൽ സഹപ്രവർത്തകൻ കെ. വി. രാമകൃഷ്ണനോട് തമാശ പോലെ പറഞ്ഞിരുന്നു. സംഭവം അറിഞ്ഞ അളഗപ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. വിനോദാണ് ആദ്യമായി സൈക്കിൾ സംഘടിപ്പിച്ച് നൽകിയത്.