മൂന്നമുറി: മറ്റുള്ളവരുടെ വേദനയും പ്രശ്നങ്ങളും തന്റേതു കൂടിയാണെന്ന് തിരിച്ചറിയുന്പോൾ മാത്രമേ ഒരാൾ മനുഷ്യനാവുന്നുള്ളു എന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. നിർധന കുടുംബങ്ങൾക്കായി മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക സമൂഹം നിർമിച്ചുനൽകിയ കാരുണ്യഭവനങ്ങളുടെ താക്കോൽദാനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ അനുഭവിക്കുന്ന സമൃദ്ധി നമുക്ക് മുന്‍പ് ജീവിച്ചിരുന്നവരുടെ പ്രയത്നം കൊണ്ടുണ്ടായതാണെന്ന തിരിച്ചറിവും നമുക്കുണ്ടാകണെന്ന് മന്ത്രി ഓർമിപ്പിച്ചു.ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
ആറ് വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടത്തി. മറ്റത്തൂർ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന് പുതുക്കാട് സുസ്ഥിര വികസന പദ്ധതിയിൽ നിന്ന് അനുവദിച്ച കംപ്യൂട്ടറുകളുടെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടന്നു. തുടർന്ന് മൂന്നുമുറിയിൽ നടന്ന പൊതുയോഗം വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, വികാരി ഫാ.ജോസ് മഞ്ഞളി, മുൻ വികാരിമാരായ ഫാ.സെബാസ്റ്റ്യൻ ഈഴേക്കാടൻ, ഫാ.ഡോ.വർഗീസ് പാലത്തിങ്കൽ, പഞ്ചായത്തംഗങ്ങളായ സുരേന്ദ്രൻ ഞാറ്റുവെട്ടി,ഷീല വിപിനചന്ദ്രൻ .ജനറൽ കണ്‍വീനർ സേവ്യർ കരുമാലിക്കൽ ,ജോഷി മാന്പ്രക്കാരൻ എന്നിവർ സംസാരിച്ചു.
നേരത്തെ കാരുണ്യഭവനങ്ങളുടെ വെഞ്ചരിപ്പ് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ആന്റോ തച്ചിൽ നിർവഹിച്ചു. ഫാ.ജോസ് മഞ്ഞളി, ഫാ.വർഗീസ് പാലത്തിങ്കൽ, ഫാ.ജോസഫ് കിഴക്കുംതല എന്നിവർ സഹകാർമ്മികരായിരുന്നു.
മൂന്നുമുറിയിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെയാണ് വികാരി ജനറാളിനെ അന്പനോളിയിലെ കാരുണ്യഭവനങ്ങളുടെ വെഞ്ചരിപ്പിനെത്തിച്ചത്. മന്ത്രിയും ബിഷപ്പും അന്പനോളിയിലെത്തി കാരുണ്യഭവനങ്ങൾ സന്ദർശിച്ചു. തുടർന്ന് മാർഗം കളി, സംഘനൃത്തം എന്നിവയും സ്നേഹവിരുന്നും ഉണ്ടായി.