മഞ്ചേശ്വരം: പാതാളക്കുഴികൾ നിറഞ്ഞ കാസർഗോഡ്-തലപ്പാടി ദേശീയപാതയിൽ യാത്രചെയ്തു നടുവൊടിഞ്ഞവർ മഞ്ചേശ്വരം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളിലേയ്ക്ക് പ്രവേശിച്ചാൽ അത്ഭുതപ്പെടും. നിരവധി കയറ്റിറക്കങ്ങളും വളവുകളുമൊക്കെ നിറഞ്ഞതാണെങ്കിലും റോഡുകളുടെ ഗുണനിലവാരം യാത്ര സുഖകരമാക്കും.
കുമ്പളയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പൈവെളിഗെ പഞ്ചായത്തിലെ ചേരോൽ എന്ന സ്ഥലത്ത് ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിനെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 30 ഓളം പേരുടെ സംഘം.
ചെറിയ രണ്ടുകടകളും ഒരു വെയിറ്റിംഗ് ഷെഡും മാത്രമുള്ള ഈ ഗ്രാമം കേരളത്തിലാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. സംസാരഭാഷയും കടയുടെ ബോർഡുകളുമെല്ലാം കന്നടയിൽ തന്നെ. നിശ്ചയിച്ചതിലും രണ്ടു മണിക്കൂറോളം വൈകിയാണ് തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെത്തുന്നത്. അകമ്പടിയായി നാസിക്ക് ബാൻഡ് മേളവും മുദ്രാവാക്യം വിളികളും. വാഹനത്തിൽ നിന്നിറങ്ങിയ സ്ഥാനാർഥിയെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ.
തന്ത്രിയുടെ പ്രസംഗവും കന്നടയിൽ തന്നെ. ബിജെപിയെ എന്നും മോഹിപ്പിച്ചിട്ടുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞതവണ വെറും 89 വോട്ടിനാണ് അവർ പരാജയപ്പെട്ടത്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘപരിവാറിന്റെ സംഘടനാസംവിധാനത്തിന്റെ കരുത്തിലാണ് പ്രചാരണം മുന്നേറുന്നത്. “തെരഞ്ഞെടുപ്പ് കാലത്ത് മോഹനവാഗ്ദാനങ്ങളുമായി വരുന്ന യുഡിഎഫും എൽഡിഎഫും ജയിച്ചുകഴിഞ്ഞശേഷം ഈ മണ്ഡലത്തിനുവേണ്ടി എന്താണ് ചെയ്തിട്ടുള്ളത്. ഭാഷാന്യൂനപക്ഷ വിഭാഗങ്ങളെ ഇവർ പറഞ്ഞുപറ്റിക്കുകയാണ്.
60 വർഷം മുമ്പത്തെ എറണാകുളവും ഇന്നത്തെ എറണാകുളവും നമുക്ക് താരതമ്യപ്പെടുത്താൻ പോലും കഴിയില്ല. അത്രത്തോളമാണ് അവിടെ വന്ന മാറ്റങ്ങൾ. എന്നാൽ 60 വർഷം മുമ്പത്തേതിൽ നിന്ന് മഞ്ചേശ്വരത്തിന് എന്തെങ്കിലും മാറ്റംവന്നിട്ടുണ്ടോ? മഞ്ചേശ്വരത്തിന് വികസനം വേണമെങ്കിൽ ഇവിടെ ബിജെപി വിജയിച്ചേ പറ്റൂ.”പ്രസംഗം അവസാനിക്കുന്നതിനു മുമ്പേ നിലയ്ക്കാത്ത കൈയടി. ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് മണ്ഡലം ഏറെ പിന്നിലാണെന്ന് ബ്ലോക്ക് പഞ്ചായത്തംഗം പ്രസാദ് റൈ പറയുന്നു.
“വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ ഉപ്പള താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല. സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥക്ഷാമം രൂക്ഷമാണ്. ഉള്ളവർ മറ്റു ജില്ലകളിൽ നിന്നുള്ളവരായതിനാൽ ട്രെയിൻ സമയം അനുസരിച്ചാണ് അവരുടെ ജോലിസമയം. അതിനാൽത്തന്നെ ഇവരുടെ സേവനം ജനങ്ങൾക്ക് പൂർണമായും ലഭിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി ഇവിടുത്തെ കുട്ടികൾക്ക് ഇപ്പോഴും കർണാടകയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.” പ്രസാദ് പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് മുൻ പൈവെളിഗെ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺ ചന്ദ്ര ആരോപിക്കുന്നു. ഇക്കുറി സിപിഎം കന്നട വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് ലീഗുമായുള്ള രഹസ്യധാരണ പ്രകാരമാണെന്നും പ്രവീൺ ആരോപിക്കുന്നു.
വിവിധ ജാതി-മത വിഭാഗത്തിൽപ്പെട്ടവർ എല്ലാവരും പരസ്പരസ്നേഹത്തോടും സൗഹൃദത്തോടും കൂടിയാണ് കഴിയുന്നതെന്ന് ചേരോലിൽ വീടിനോടു ചേർന്ന് ചെറിയൊരു കട നടത്തുന്ന ബസ് ഡ്രൈവർ കൂടിയായ ഹുസൈൻ പറയുന്നു. ബിജെപിയുടെ കേഡർ സംവിധാനവും ഇവിടെ കാണാൻ കഴിഞ്ഞു. പരിപാടി കഴിഞ്ഞയുടൻ തന്നെ കൊടിതോരണങ്ങളും മറ്റും ക്യത്യമായി അവർ അഴിച്ചുമാറ്റി. ഏഴു വാഹനങ്ങളുടെ അകമ്പടിയോടെ തന്ത്രിയും സംഘവും അടുത്ത സ്വീകരണസ്ഥലത്തേക്ക് യാത്രയായി.