കൊച്ചി: വിവിധ ആഘോഷങ്ങളോടനുബന്ധിച്ചു നഗരത്തിലെ വിവിധ ഹോട്ടലുകളും സ്വകാര്യ റിസോർട്ടുകളും കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിവരുന്ന റേവ്പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം വീണ്ടും വർധിക്കുന്നതായി സൂചന. പോലീസ് അന്വേഷണത്തിലും ഇത് സംബന്ധിച്ച ചില സൂചനകൾ ലഭിച്ചതായാണു വിവരം. റേവ് പാർട്ടികൾക്കായി ഹാഷിഷ് എത്തിച്ച സഹോദരങ്ങൾ അടക്കം മൂന്ന് യുവാക്കൾ പിടിയിലായതോടെ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ.
മുൻ വർഷങ്ങളിൽ ഇത്തരത്തിൽ റേവ് പാർട്ടികൾക്കായി മയക്കുമരുന്ന് എത്തിച്ച നിരവധിപേരെയാണു പോലീസ് കുടുക്കിയത്. വിവിധ ആഘോഷ ദിനങ്ങൾക്കു മുന്നോടിയായി പ്രത്യേക സംഘത്തെ നിയമിച്ചായിരുന്നു പരിശോധന. നിലവിൽ പോലീസ് പിടിയിലായവർ കഴിഞ്ഞ ശനിയാഴ്ച മുളവുകാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ രാത്രിയിൽ അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാർട്ടികൾക്കായാണു ഹാഷിഷ് ഓയിൽ എത്തിച്ചതെന്ന് അധികൃതർ പറയുന്നു.
മുളവുകാട് സ്വദേശികളായ പ്രണവ് (20), ഷാരൂണ് (23), സഹോദരൻ ശരത് (22) എന്നിവരെയാണു കണ്ടെയ്നർ ടെർമിനലിന്റെ സമീപത്തുനിന്നു ഷാഡോ പോലീസ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവരഹസ്യമായി റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്കു ലഭിച്ച വിവരത്തെത്തുടർന്നു ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ മുളവുകാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽനിന്നാണ് പ്രതികൾ പിടിയിലായത്.
ബംഗളൂരു ബൊമ്മനഹള്ളിയിൽനിന്ന് എത്തിയ ഇവരിൽനിന്ന് അഞ്ച് ഗ്രാം വീതമാക്കി പായ്ക്ക് ചെയ്ത നിരവധി ബോട്ടിൽ ഹാഷിഷ് കണ്ടെടുത്തു. ബംഗളൂരുവിൽനിന്നും ഗോവയിൽനിന്നും നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായവർ.
സ്വകാര്യ റിസോർട്ടുകളിലും മറ്റും അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ നുഴഞ്ഞ് കയറിയ ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപി എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ചയായി നടത്തിയ രഹസ്യ നീക്കത്തിലാണു പ്രതികൾ പിടിയിലായത്. റേവ് പാർട്ടി നടത്തിപ്പുകാർക്ക് അഞ്ചു ഗ്രാമിന്റെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ നാലായിരം രൂപയ്ക്കായിരുന്നു ഇവർ നൽകിയിരുന്നത്. ഷാഡോ എസ്ഐ ജോസഫ് സാജനും സംഘത്തിലുണ്ടായിരുന്നു.