മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ നിശ്ചിത ഓവർ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.വേണ്ടത്ര ഭാവനാ സന്പന്നതയോടെ അല്ല സെലക്ടർമാർ ടീമിനെ പ്രഖ്യാപിച്ചതെന്ന വാദം ഉയർന്നിട്ടുണ്ട്.
ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരില്ലാതെയാണ് ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏകദിനത്തിൽ ഐസിസി റാങ്കിംഗിൽ എട്ടാം സ്ഥാനത്തും ട്വന്റി-20യിൽ 10-ാം സ്ഥാനത്തുമുള്ള വെസ്റ്റ് ഇൻഡീസിനെതിരേ ചുരുങ്ങിയത് ബാറ്റിംഗിൽ ചില പരീക്ഷണങ്ങൾ നടത്താമായിരുന്നു എന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു.
വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് ഋതുരാജ് ഗെയ്ക്വാദിന് പ്ലേയിംഗ് ഇലവണിൽ സ്ഥാനം നൽകാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പരിക്കിൽനിന്ന് മുക്തനായ രോഹിത് ശർമയാണ് ടീമിനെ നയിക്കുക.
യുവ സ്പിന്നർ രവി ബിഷ്ണോയി ദേശീയ ടീമിൽ ഇതാദ്യമായി ഇടം പിടിച്ചു. ഭുവനേശ്വർ കുമാറിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല, ട്വന്റി-20 ടീമിലുണ്ട്.
അതേസമയം, കുൽദീപ് യാദവ് ഏകദിന ടീമിൽ തിരിച്ചെത്തി. ഓൾ റൗണ്ടർ ദീപക് ഹൂഡയെ ഏകദിന ടീമിൽ ഉൾപ്പെടുത്തി. ഹാർദിക് പാണ്ഡ്യക്കു പകരമായുള്ള പരീക്ഷണമായാണ് ഹൂഡയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്വന്റി-20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൾ ഠാക്കൂർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടണ്‍ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേഷ് ഖാൻ, ഹർഷൽ പട്ടേൽ.
ഏകദിന ടീം: രോഹിത് (ക്യാപ്റ്റൻ), രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശിഖർ ധവാൻ, കോഹ്ലി, സൂര്യകുമാർ , ശ്രേയസ്, ദീപക് ഹൂഡ, പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, ഷാർദുൾ, ചാഹൽ, കുൽപീദ് യാദവ്, വാഷിംഗ്ടണ്‍, ബിഷ്ണോയ്, മുഹമ്മദ് സിറാജ്, പ്രസിഥ് കൃഷ്ണ, ആവേഷ്.