സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്രപ്രവർത്തകരടക്കം 105 പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇവർക്കൊപ്പം പ്രകാശ് രാജിന്റെ പേര് ഉയർന്നെങ്കിലും ഇത്തരമൊരു ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഈ വിവാദങ്ങൾക്ക് മറുപടിയുമായി നടനും സംവിധായകനുമായ മേജർ രവി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ഇത്തരം പ്രവർത്തിയെ വിമർശിച്ച് കുറിപ്പ് പങ്കുവെച്ചത്.
ആവിഷ്ക്കാരസ്വാതന്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞ വിമർശകർ ആദ്യം ലക്ഷ്യം വെച്ചത് മമ്മൂട്ടിക്കു നേരെയായിരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് ആരംഭിക്കുന്നത്. അദ്ദേഹം കൈകൊടുത്ത് വലുതാക്കിയവരാണ് കഥാപാത്രത്തിന്റെ പേരിൽ ചെളിവാരിയെറിഞ്ഞതെന്നും മേജർ രവി സൂചിപ്പിക്കുന്നു.
താര സംഘടനയുടെ തീരുമാനത്തിന്റെ യാഥാർത്ഥ്യം പോലും മനസിലാകാതെ കാളപെറ്റുവെന്ന് കേട്ട് കയറെടുത്തവരാണ് മോഹൻലാലിനെതിരെ നിൽക്കുന്നതെന്നും മേജർ രവി പറയുന്നു. പ്രകാശ് രാജ്, സന്തോഷ് തുണ്ടിയിൽ തുടങ്ങിയവരുടെ പേരുകൾ ഈ കൂട്ടർക്കൊപ്പം വന്നിരുന്നുവെങ്കിലും അതെല്ലാം നിഷേധിച്ച് അവർ തന്നെ രംഗത്തുവന്നിരുന്നു. ആരാണ് അവരയൊക്കെ മോഹൻലാൽ എന്ന മഹാനടനെതിരെ തിരിച്ചു വിടുന്നതെന്ന ആശങ്ക മേജർ രവി വ്യക്തമായി പങ്കുവെയ്ക്കുന്നു.
അദ്ദേഹം തീരുമാനിച്ചാൽ ഈ ചടങ്ങിൽ പങ്കെടുക്കുക തന്നെ ചെയ്യം. അതിനെ പിന്തുണയ്ക്കാൻ ജാതിമതഭേദമന്യേ ജനകോടികളുണ്ടാകും. അത് തടയാൻ നിങ്ങളുടെ ഒപ്പ് മതിയാകില്ല. അത് അവരുടെ വികാരം തന്നെയാണ്. അത് വൃണപ്പെടുത്തുന്നത് നിങ്ങൾക്ക് ഭൂഷണമാവില്ലെന്നുമുള്ള ഓർമപ്പെടുത്തൽ നൽകിയാണ് മേജർ രവി കുറിപ്പ് അവസാനിപ്പിക്കുന്നത്.