മഞ്ചേരി: മഞ്ചേരിയിലെത്തുന്നതുവരെ കുമുദത്തിന് പ്രതീക്ഷയുണ്ടായിരുന്നു. മരിച്ചത് തന്റെ കണവനാവരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന. എന്നാൽ പോലീസ് ഫോട്ടോ കാണിച്ചു നൽകിയതോടെ കുമുദത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ജനുവരി 20ന് മഞ്ചേരി കോർട്ട് റോഡിലെ എസ് ബിഐ കെട്ടിടത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ രവി (55) യുടെ ഭാര്യയാണ് തമിഴ്നാട് കുടലൂർ സ്വദേശിനിയായ കുമുദം.
വർഷങ്ങൾക്ക് മുന്പ് മഞ്ചേരിയിലെത്തിയതാണ് രവി. ആക്രിസാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തി വരുന്ന രവിയുടെ കുടുംബം സംബന്ധിച്ച് ഒപ്പം ജോലി ചെയ്തു വരുന്ന തമിഴ് സ്വദേശികൾക്കോ നാട്ടുകാർക്കോ അറിയുമായിരുന്നില്ല. മഞ്ചേരി അഡീഷണൽ എസ്ഐ നസറുദ്ദീൻ നാനാക്കലിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്തിയെങ്കിലും പരേതനെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.
മുന്നു ദിവസത്തോളം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു.ശ്വാസകോശത്തിലുണ്ടായ കഫക്കെട്ടാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
കുമുദത്തിന്റെ മകളുടെ സുഹൃത്തിൽ നിന്നാണ് രവിയുടെ മരണം സംബന്ധിച്ച് കുടുംബത്തിന് സൂചന ലഭിച്ചത്.ഉടൻ കുമുദവും രണ്ട് ആണ്മക്കളും മഞ്ചേരിയിലേക്ക് തിരിക്കുകയായിരുന്നു.ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ കുടുംബം പോലീസുദ്യോഗസ്ഥനായ ഷിഹാബ് പറന്പന്റെ സഹായത്തോടെ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ശ്മശാനത്തിലെത്തുകയായിരുന്നു.മതപരമായ സംസ്കാരചടങ്ങുകൾ നിർവഹിച്ച കുമുദം കുഴിമാടത്തിനരികിൽ മക്കൾക്കൊപ്പം വിതുന്പിയത് കണ്ടുനിന്നവരുടെ മിഴി നനയിച്ചു.