കൊല്ലം: അന്തരിച്ച കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ വേഷവിധാനങ്ങൾ പ്രിയ ശിഷ്യന് ഇനി സ്വന്തം. മടവൂരിന്റെ ശിഷ്യനായ രവികുമാറിനാണ് അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി അമ്മ വേഷവിധാനങ്ങൾ സമ്മാനിച്ചത്. മടവൂരിന്റെ സ്ഥിരം വേഷമായിരുന്ന അരയന്നത്തിന്റെ ചുണ്ടും മോതിരവുമാണ് രാമൻകുളങ്ങരയിലെ വീട്ടിൽ വച്ച് പ്രിയ ശിഷ്യന് സമ്മാനിച്ചത്.
രവികുമാർ ആശാന്റെ പ്രിയപ്പെട്ട കത്തി വേഷങ്ങൾ തന്മയത്വത്തോടെ അരങ്ങിലെത്തിച്ച് തെക്കൻ ചിട്ടയുടെ കാവലാളായി നിലകൊണ്ടതാണ് വേഷവിധാനങ്ങൾ നൽകാൻ പ്രേരിപ്പിച്ചതെന്ന് സാവിത്രി അമ്മ പറഞ്ഞു.
ആശാൻ അവസാനം അവതരിപ്പിച്ച് പൂർത്തിയാക്കാതെ പോയ രാവണവിജയത്തിലെ രാവണൻ കഴിഞ്ഞ മാർച്ച് 25ന് മാവേലിക്കരയിൽ അനുസ്മര ചടങ്ങിൽ രവികുമാർ അവതരിപ്പിച്ചിരുന്നു. ഇതും വേഷവിധാനങ്ങൾ രവികുമാറിന് നൽകാൻ പ്രേരണയായതായി സാവിത്രിയമ്മ പറഞ്ഞു.