കളമശേരി: വിവാഹത്തട്ടിപ്പും പണം തട്ടിപ്പും നടത്തിയ ശേഷം മുങ്ങി നടന്ന കൊല്ലം സ്വദേശിയെ കളമശേരി പോലീസ് പിടികൂടി. കൊല്ലം മങ്ങാട് ശാസ്ത അമ്പലത്തിനു സമീപം സരിതാ ഭവനില്‍ രവി (38) യെയാണ് കളമശേരി എസ്ഐ ഇ.വി. ഷിബുവും സംഘവും അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി വട്ടേക്കുന്നത്ത് താമസിക്കുന്ന സ്ത്രീയെ വിവാഹം കഴിച്ച ശേഷം അവരുടെ സമ്പാദ്യമായ 3.30 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. വിവാഹപ്പരസ്യം കണ്ട് രവി വട്ടേക്കുന്നത്ത് താമസിക്കുന്ന സ്ത്രീയുടെ വീട്ടുകാരുമായി പരിചയപ്പെട്ടാണ് വിവാഹം നടത്തിയത്.
2013 നവംബറില്‍ ഇടപ്പള്ളിയിലെ ഒരു ഹാളില്‍ വിവാഹം നടത്തി. എന്നാല്‍ വിവാഹതനും കുട്ടികളുമുണ്ടെന്ന കാര്യം മറച്ചു വച്ചാണ് രണ്ടാം വിവാഹം നടത്തിയത്. കൊല്ലത്ത് നിന്ന് തന്നെയാണ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നത്. ഇതില്‍ കുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് മറച്ചുവച്ചാണ് വട്ടേക്കുന്നത്തെ സ്ത്രീയെ വിവാഹം കഴിച്ചത്. കൊല്ലത്തെ ഭാര്യയോടും കുടുംബത്തോടും രവി പറഞ്ഞിരുന്നത് ഗള്‍ഫിലാണെന്നാണ്. ഇതു തന്നെ വട്ടേക്കുന്നത്തെ സ്ത്രീയോടും പറഞ്ഞിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞിട്ടും രവി ഗള്‍ഫിലേക്ക് മടങ്ങാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി.
ഇതിനിടെ രണ്ടാം ഭാര്യയുടെ കൈയിലുള്ള പണവും രവി തന്ത്രപൂര്‍വം കൈയിലാക്കി. വിസയ്ക്കും ജോലി ആവശ്യത്തിനുമാണെന്നു പറഞ്ഞതിനാല്‍ ഭാര്യയ്ക്ക് സംശയം തോന്നിയതുമില്ല. ഇവരില്‍ നിന്നു പല തവണയായി 3.30 ലക്ഷം രൂപ രവി വാങ്ങി. ഈ തുകയാണ് കൊല്ലത്തുള്ള ആദ്യ ഭാര്യക്കും കുട്ടികള്‍ക്കുമായി അയച്ചു കൊടുത്തത്. ഇതു കൂടാതെ വട്ടേക്കുന്നത്തെ സ്ത്രീയുടെ ഇരുചക്ര വാഹനവും തട്ടിയെടുത്ത് തിരുവനന്തപുരത്ത് വിറ്റു. സംശയം തോന്നിയ വട്ടേക്കുന്നത്തെ സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് രവിയെ അറസ്റ്റ് ചെയ്തത്.