പാപ്പനംകോട് രാജൻ
യുവത്വത്തിന്റെ പ്രണയഭാവങ്ങൾ പ്രകടമാക്കി ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ സുന്ദരി നീ… എന്ന് തുടങ്ങുന്ന ഗാനരംഗത്തിലൂടെ മലയാള സിനിമ പ്രേമികളെ ആകർഷിച്ച നടനായിരുന്നു രവിമേനോൻ .
രവിമേനോൻ വിടപറഞ്ഞിട്ട് ഇന്ന് 16 വർഷം തികയുന്നു. എം.ടി.വാസുദേവൻ നായരുടെ നിർമാല്യത്തിലെ ഉണ്ണി നമ്പൂതിരിയിലൂടെ മലയാള സിനിമാ ലോകത്ത് കഴിവ് തെളിയിച്ച പാലക്കാട് സ്വദേശിയാണ് രവിന്ദ്രനാഥ മേനോൻ എന്ന രവിമേനോൻ .
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് അഭിനയം പഠിച്ചത്. ആദ്യ അഭിനയം ബോളിവുഡിലായിരുന്നു. ബോളിവുഡിലെ മണി കൗൾ എന്ന സംവിധായകൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് തയാറാക്കിയ ഡിപ്ലോമ ചിത്രത്തിലെ അഭിനയം കണ്ട് രവി മേനോനെ ബോളിവുഡിലേക്ക് ക്ഷണിക്കുകയായിരുന്നു. മ
നസിൽ ഒടുങ്ങാത്ത സിനിമ അഭിനയപ്രേമം കൊണ്ട് നടന്ന രവി മേനോൻ അങ്ങനെ മണി കൗളിന്റെ ദുവിധ എന്ന സിനിമയിലുടെ വെള്ളിത്തിരയിൽ എത്തിയത്.
ദുവിധ എന്ന സിനിമയിലെ ഇരട്ടവേഷം സിനിമ ലോകത്ത് ചർച്ച ചെയ്യപ്പെട്ടു.രവിമേനോനെ ഇത് ഉന്നതങ്ങളിലെത്തിച്ചു. തുടർന്ന് നിരവധി ഹിന്ദി സിനിമയിൽ നായകവേഷം ചെയ്ത ഏക മലയാള നടൻ രവി മേനോനായിരുന്നു. സ്വപ്നോം കി റാണി, വ്യാപാർ ജംഗിൾ മംഗൽ, ജയ് ജവാൻ ജയ് മക്കാൻ, ദോ കിനാരെ രാഖി രാഖി തുടങ്ങിയ ഹിന്ദി സിനിമകളിൽ തിളക്കമാർന്ന അഭിനയമാണ് രവിമേനോൻ കാഴ്ചവച്ചത്.
ദുവിധ എന്ന ആദ്യ ഹിന്ദി ചിത്രത്തിന് തന്നെ പ്രസിഡന്റിന്റെ പ്രത്യേക അഭിനന്ദനം നേടാനായി. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴാണ് എം.ടി.വാസുദേവൻ നായർ രവിമേനോനെ ആദ്യം കാണുന്നത്. ആ കണ്ടുമുണ്ടലാണ് രവിമേനോന് നിർമാല്യത്തിലെ ശാന്തിക്കാരന്റെ വേഷം ലഭിക്കാനിടയാക്കിയത്.
അങ്ങനെ വേറിട്ട അഭിനയ ശൈലിയിലൂടെ രവി മേനോൻ മലയാള സിനിമയിൽ കാലുറപ്പിച്ചത്.പി.എൻ മേനോന്റെ ഏകാകിനി സലീം കാരി ശേരിയുടെ പതിനാലാം രാവ് മോഹന്റെ വാടക വീട്, ഐ.വി.ശശിയുടെ അങ്ങാടി , ആ രാത്രി ശ്യാമ, ശാലിനി എന്റെ കൂട്ടുകാരി, ഉയരങ്ങളിൽ തുടങ്ങിയ മലയാള ചിത്രങ്ങളിൽ രവിമേനോന്റെ വേഷങ്ങളെ മലയാളികൾ നെഞ്ചിലേറ്റുകയായിരുന്നു.
കുറച്ചു നാൾ മലയാളസിനിമയിൽ നിന്നും മാറി നിന്ന രവിമേനോൻ നാടുവാഴികൾ, മാന്ത്രികം, ഇന്ദ്രജാലം തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും തിരിച്ച് വരുകയായിരുന്നു. പിന്നിട് ടി.വി സീരിയലുകളിലും സജീവമായിരുന്നു.
മലയാള സിനിമാ ലോകത്ത് അധികം സുഹൃത് ബന്ധങ്ങൾ ഇല്ലായിരുന്ന രവി മേനോന് എം.ജി സോമനായിരുന്നു അടുത്ത സുഹൃത്ത്. അവിവാഹിതനായിരുന്നു രവിമേനോൻ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വേഷങ്ങൾ സമ്മാനിച്ച നടനാണ്.