കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാംപ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ അടുത്ത ആഴ്ച കൊച്ചിയിലെത്തിച്ചേക്കും.
എറണാകുളം എസിജെഎം കോടതിയില്‍ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയ പൂജാരിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേരളത്തില്‍ മൂന്നു കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.
മൂന്നും വെടിവയ്പ് കേസുകളാണ്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് പൂജാരിയുള്ളത്. ഇവിടെതന്നെയാണു നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നതും.
അടുത്ത ആഴ്ച പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങി കൊച്ചിയിലെത്തിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.മാര്‍ച്ച് എട്ടോടെ രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ശ്രമം.
പക്ഷേ മറ്റ് കേസുകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. 2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.