കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പടക്കലുമടക്കം എല്ലാം അതീവ രഹസ്യം.
സുരക്ഷയുടെ ഭാഗമായാണു തുടര്‍നീക്കങ്ങള്‍ അതീവ രഹസ്യമാക്കിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. പ്രതിയെ ഇന്നു മുതല്‍ ചോദ്യം ചെയ്തേക്കും.
സുരക്ഷാ വിവരങ്ങള്‍ വിലയിരുത്തിയശേഷമാകും തെളിവെടുപ്പ് നടത്തണോയെന്ന കാര്യത്തില്‍ അന്തി തീരുമാനമെടുക്കൂ. ബംഗളൂരുവില്‍നിന്ന് ഇന്നലെ രാത്രി 8.50 ഓടെയാണു എയര്‍ ഏഷ്യ വിമാനത്തില്‍ രവി പൂജാരിയെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
ഡിവൈഎസ്പി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലൂള്ള ആന്റി ടെറിസ്റ്റ് പോലീസ് സംഘം വിമാനത്താവളത്തില്‍ എത്തിയ രവി പൂജാരിയെ പിന്നീടു നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെയുള്ള ആന്റി ടെററസ്റ്റ് ഓഫീസിലെ മുറിയിലാണ് ഇയാളെ ഇന്നലെ താമസിപ്പിച്ചത്.
ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്ന രവി പൂജാരിയെ നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലരയോടെയാണ് ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയത്.2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന “നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിനുനേരേ വെടിവയ്പുണ്ടായത്.
ബൈക്കിലെത്തിയ രണ്ടുപേരാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് വെടിവച്ചത്. വെടിവയ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുമ്പ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
വെടിവയ്പ് നടത്തിയവരെ പിന്നീട് അറസ്റ്റ് ചെയ്തു. 2019 ജനുവരി അഞ്ചിനാണു പൂജാരി സെനഗലില്‍ പിടിയിലായത്. ഇയാള്‍ക്കെതിരേ മൂന്നു കേസുകളാണു കേരളത്തിലുള്ളത്.