കൊച്ചി: പനമ്പള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ കാസര്‍ഗോഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തെ പൊക്കാനൊരുങ്ങി അന്വേഷണ സംഘം.
കൊച്ചിയില്‍ ഉള്‍പ്പെടെ വേരുള്ള ഈ സംഘത്തിലെ ഇടപെടലുകള്‍ നടന്നിട്ടുള്ളതായും അധികൃതര്‍ സംശയിക്കുന്നുണ്ട്. അധോലോക കുറ്റവാളി രവി പൂജാരിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇവരുടെ കൂടുതല്‍ ഇടപെടലുകള്‍ കണ്ടെത്താനായേക്കുമെന്നാണു കരുതുന്നത്.
കേസില്‍ കുറ്റം സമ്മതിച്ച രവി പൂജാരി കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ട പറഞ്ഞതനുസരിച്ചാണ് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്നും വെടിവയ്പ് നടത്തിയതെന്നുമാണ് പറയുന്നത്.
കാസര്‍ഗോഡ് ബേവിഞ്ച വെടിവയ്പ് കേസിലും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടാകുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ള സമാനകേസുകളിലും അന്വേഷണസംഘം രവി പൂജാരിയെ സംശയിക്കുന്നു. വെടിവയ്പിനു ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണസംഘം രവി പൂജാരിയില്‍നിന്നു ചോദിച്ചറിയുന്നത്.
തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യുടെ നെടുമ്പാശേരിയിലെ കേന്ദ്രത്തിലാണ് നിലവില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസില്‍ രവി പൂജാരിയുടെ പങ്ക് തെളിയിക്കുന്നതിനായുള്ള ശബ്ദ സാബിള്‍ എടുക്കുന്നത് വരും ദിവസങ്ങളിലേക്ക് മാറ്റി.
ജില്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനമായ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി പ്രതിയെ ഉടന്‍തന്നെ എത്തിക്കുമെന്നാണു സൂചന.2016ല്‍ പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ചോദ്യം ചെയ്യുന്നുണ്ട്.
സെക്യൂരിറ്റിയായ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി എം. നിഷാമിനെതിരേ സംസാരിച്ചാല്‍ രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന “നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിനുനേരേ വെടിവയ്പുണ്ടായത്.
ബൈക്കിലെത്തിയ രണ്ടുപേരാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് വെടിവച്ചത്. വെടിവയ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുമ്പ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ് നടത്തിയവരെ പിന്നീട് അറസ്റ്റ് ചെയ്തു. 2019 ജനുവരി അഞ്ചിനാണു പൂജാരി സെനഗലില്‍ പിടിയിലായത്.