കൊച്ചി: പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ച പ്രതിയെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യുടെ നേതൃത്വത്തിലാണു ചോദ്യം ചെയ്യുന്നത്. ശബ്ദ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു നടത്തുന്ന വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി എല്ലാ കുറ്റങ്ങളും സമ്മതിച്ചുവെന്നാണു വിവരങ്ങള്‍.
പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങുവാനും അന്വേഷണസംഘം തയാറെടുക്കുകയാണ്. വിവിധ കേസുകളില്‍ വിശദമായ അന്വേഷണത്തിന് പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണു അധികൃതരുടെ നിലപാട്. ഇതിനായി അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
എട്ടു ദിവസത്തേയ്ക്കാണു പ്രതിയെ നിലവില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. കസ്റ്റഡിയില്‍ ലഭിച്ച് രണ്ടാം ദിവസം രാത്രിയാണു പ്രതിയെ കൊച്ചിയിലെത്തിച്ചത്.