കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് അധോലോക നായകന് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ദക്ഷിണാഫ്രിക്കയില്‍ നിന്നും പിടിയിലായ രവി പൂജാരിയെ ഇന്നലെയാണ് റോ, കര്‍ണാടക പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബംഗളൂരുവിലെത്തിച്ചത്.
കൊച്ചയില്‍ പനമ്പിള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസില്‍ മുഖ്യപ്രതിയാണ് രവി പൂജാരി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുംബൈ അധോലോകത്തിലെ ഛോട്ടാരാജന് സംഘാംഗമായിരുന്ന ഇയാള്‍ക്കെതിരേ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെ 200 ഓളം കേസുകള്‍ നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഈ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമാകും ബ്യൂട്ടി പാര്‍ലര്‍ കേസില്‍ രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുക.
2018 ഡിസംബര്‍ 15ന് ഉച്ചക്ക് 2.30 ഓടെയാണ് രവി പൂജാരിയുടെ കൂട്ടാളികളായ രണ്ടു പേര് പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലേക്ക് ബൈക്കിലെത്തി വെടിയുതിര്‍ത്തത്. ഇതിന് ഒരുമാസം മുമ്പ് രവി പൂജാരി നടിയെ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ സ്ഥാപനവും വീടും തന്റെ ആള്‍ക്കാരെത്തി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്തവരെ ക്രൈംബ്രാഞ്ച് പിന്നീട് അറസ്റ്റു ചെയ്തു. ആലുവ എന്‍എഡി കോമ്പാറ വെളുക്കോടന്‍ വീട്ടില്‍ ബിലാല്‍ (25), കടവന്ത്ര കസ്തൂര്‍ബാനഗര്‍ ലെനിന് ലൈനില്‍ പുത്തന്‍ചിറ വീട്ടില്‍ വിപിന്‍ വര്‍ഗീസ് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളാണിവര്‍.
രവി പൂജാരിയുടെ സംഘാംഗമായ കാസര്‍കോട് സ്വദേശി മോനായി 50 ലക്ഷം രൂപയ്ക്ക് ബിലാലിനെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. തോക്കും ബൈക്കും മോനായി തന്നെയാണ് എത്തിച്ചുകൊടുത്തതും. ബ്യൂട്ടി പാര്‍ലറിലേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഈ സമയം ലീന മരിയ പോള്‍ അവിടെയുണ്ടായിരുന്നു.
വെടിവയ്പ്പിന് ശേഷം അക്രമികള്‍ സ്ഥാപനത്തിന് താഴെ കൊണ്ടിട്ട കുറിപ്പില്‍ രവി പൂജാരി എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ടായിരുന്നു. സംഭവശേഷം പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് തന്റെ ആള്‍ക്കാരാണ് വെടിയുതിര്‍ത്തതെന്നും കേരള പോലീസിന് ധൈര്യമുണ്ടെങ്കില്‍ അവരെ പിടികൂടട്ടെയെന്നും രവി പൂജാരി വെല്ലുവിളിച്ചിരുന്നു.
കേസിലെ അഞ്ചും ആറും പ്രതികളായ കൊല്ലം സ്വദേശി ഡോ.അജാസിനെയും മോനായിയെയും ഇതുവരെ പിടികൂടാനായിട്ടില്ല. കേസിലെ മുഖ്യസൂത്രധാരന്‍ ഡോ. അജാസാണ്. ഇയാളാണ് ലീന മരിയ പോളിന്റെ പക്കല്‍ കള്ളപ്പണമുണ്ടെന്ന് രവി പൂജാരയെ ധരിപ്പിച്ച് കുറ്റകൃത്യം ആസൂത്രണം ചെയതത്.
ദുബായിയിലുള്ള ഇരുവര്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുകയും ഇവരെ പിടികൂടാനായി ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. എറണാകുളം സൗത്ത് പോലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍, സെനഗല്‍ പോലീസ് സംയുക്തമായാണ് ദക്ഷിണാഫ്രിക്കന്‍ ഗ്രാമത്തില്‍ നിന്നും രവി പൂജാരയെ വീണ്ടും പിടികൂടിയത്.
തുടക്കത്തില്‍ ഛോട്ട രാജനൊപ്പമായിരുന്ന രവി പൂജാരി പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ അടുപ്പക്കാരനായി മാറി. കര്‍ണാടക സ്വദേശിയാണ്. ബുര്‍ക്കിനോ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് ഇയാള്‍ ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്.