കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പു കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ രവി പൂജാരി സെനഗലില്‍ അറസ്റ്റിലായതോടെ പലരും ആശ്വസിക്കുകയാണ്. എന്നാല്‍ രവി പൂജാരി തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഒരു ഞെട്ടലോടെയാണ് ആളുകള്‍ കേട്ടത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
രണ്ടാഴ്ച മുന്‍പ് ആഫ്രിക്കയില്‍നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
കൊച്ചിയില്‍ നടി ലീന മരിയാ പോള്‍ നടത്തിവന്നിരുന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസോടു കൂടിയാണ് നാളുകള്‍ക്ക് ശേഷം മുംബൈ അധോലോകത്തെ നട്ടംതിരിച്ച രവി പൂജാരി എന്ന പേര് മലയാളികള്‍ വീണ്ടും കേള്‍ക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് പൂജാരി. ആറു മാസം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കര്‍ണാടക പോലീസ് രവി പൂജാരിയുടെ സ്ഥലം തിരിച്ചറിഞ്ഞത്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നുമാണ് 15 വര്‍ഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം കുറിച്ച് അറസ്റ്റുണ്ടായത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാശോ എന്നീ രാജ്യങ്ങളില്‍ മാറിമാറി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പഴയ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം മാറി തികഞ്ഞ ഒളിവില്‍ കഴിയുകയായിരുന്നു രവി പൂജാരിയുണ്ടായിരുന്നത്. രാജ്യ തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ പ്രാദേശിക പോലീസിന്റെ മൂന്ന് ബസ് പോലീസുകാര്‍ നടത്തിയ സാഹസീക ഓപ്പറേഷന്റെ ഭാഗമായാണ് രവി പൂജാരി കുടുങ്ങിയത്.രവി പൂജാരി എന്ന പേര് മാറ്റി ആന്റണി ഫെര്‍ണാണ്ടസ് എന്നാക്കി ഒളിവ് ജീവിതമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കര്‍ണാടക പൊലീസ് ഇപ്പോള്‍. ഇതിനിടയ്ക്കാണ് പിസിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.