കോട്ടയം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെ ആറു തവണ വിളിച്ചെന്ന് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽനിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചിരിക്കുന്നത്. ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനെതിരേ രവി പൂജാരി തന്നെ വിളിച്ച് ഭീഷണപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ വൻ ആക്ഷേപത്തിന് വഴിവച്ചിരുന്നു.
ആഫ്രിക്കൻ രാജ്യമായ സെനഗലിൽനിന്ന് കഴിഞ്ഞ ആഴ്ചയാണ് രവി പൂജാരി പിടിയിലാകുന്നത്. ഇതിനുശേഷം ഇയാളുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച ഇന്റലിജൻസ് ഏജൻസികളാണ് പൂജാരി പി.സി ജോർജിനെ വിളിച്ചിരുന്നു എന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 11,12 തീയതികളിലായാണ് പി.സി.ജോർജിന്റെ 9447043027 എന്ന നന്പറിലേക്ക് പൂജാരി വിളിക്കുന്നത്. രണ്ടു ദിവസങ്ങളിലായി ആകെ ആറു കോളുകൾ. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഒരു മിനിറ്റിലധികം ഉള്ള വിളികൾ. ബാക്കിയെല്ലാം പത്ത് സെക്കൻഡിൽ താഴെ മാത്രം. ഈ രണ്ടു കോളുകൾ മാത്രമാണ് താൻ എടുത്തിട്ടുള്ളതെന്ന് പി.സി ജോർജ് പറഞ്ഞിരുന്നു.
പൂജാരിയുടെ ഇടപാടിൽ വെടിവയ്പ് നടന്ന കൊച്ചിയിലെ ബ്യൂട്ടിപാർലറിന്റെ ഉടമ ലീന മരിയ പോളിനെയും മറ്റ് പല വ്യവസായികളെയും വിളിച്ച അതേ സെനഗൽ നന്പറുകളിൽ നിന്നാണ് പി.സി. ജോർജിനെയും ബന്ധപ്പെട്ടിട്ടുള്ളത്. അതേസമയം ബിഷപ് ഫ്രാങ്കോയുടെയോ കന്യാസ്ത്രീയുടെയോ വിഷയത്തിൽ ഇടപെടാൻ രവി പൂജാരിക്ക് ഉണ്ടായ പ്രകോപനം എന്തെന്ന് ന്യായമായും സംശയിക്കാം.
പൊതു വിഷയങ്ങളിൽ ഇടപെടുന്നത് പൂജാരിയുടെ ശൈലിയാണെന്ന് പറയപ്പെടുന്നു. 2016ൽ സർജിക്കൽ സ്ട്രൈക്കിനെതിരെ പ്രതികരിച്ച മുംബൈയിലെ കോൺഗ്രസ് എംപി സഞ്ജയ് നിരൂപമിനെ വിളിച്ച് പരസ്യമായി മാപ്പ് പറയാനാണ് ആവശ്യപ്പെട്ടത്. തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ നിരന്തരം വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി 2016ൽ കേരളത്തിൽ തന്നെ രവി പൂജാരിക്കെതിരേ പരാതി ഉണ്ടായിരുന്നു.
പൂജാരി രണ്ടു തവണ വിളിച്ചെന്നു പി.സി. ജോർജ്
കോട്ടയം: രവി പൂജാരി രണ്ടു തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പി.സി. ജോർജ് എംഎൽഎ. ബിഷപ് ഫ്രാങ്കോ കേസിൽ ഇടപെട്ടതിനുശേഷമാണു തനിക്കു ഭീഷണി വന്നത്. ബിഷപ് ഫ്രാങ്കോയ്ക്കുവേണ്ടി സംസാരിച്ചതിനാലാണു രവി പൂജാരിയുടെ ഭീഷണിയെന്നു കരുതുന്നു.
ഏതോ വലിയ ക്വട്ടേഷൻ സംഘമാണു ഇതിനു പിന്നിലെന്നു അനുമാനിക്കണം. ടെലിഫോണിലാണു പൂജാരി വിളിച്ചത്. ഒരു പൂജാരിയയെും ഭയമില്ല. കേസ് നിയമപരമായി നേരിടും. തനിക്കു നേരേ വധിഭീഷണി വന്നതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. രണ്ടു തവണയല്ല, ആറു തവണ തനിക്കു ഫോണ് വന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി പി.സി. ജോർജ് പറഞ്ഞു. സംഭവം ഗൗരവതരമുള്ളതാണെന്നാണ് പോലീസ് പറഞ്ഞതെന്നും പി.സി. ജോർജ് പറഞ്ഞു. രവി പൂജാരിയെ തനിക്കു ഭയമില്ലെന്നും പി.സി. ജോർജ് പറഞ്ഞു.