അധോലോക നായകന് രവി പൂജാരിയുടെ അറസ്റ്റോടെ ചങ്കിടിക്കുന്നത് കേരളാ പോലീസിലെ ചില ഉന്നതര്‍ക്കെന്നു സൂചന. കേരളാ പോലീസിലെ ചില പ്രമുഖരുമായുള്ള ബന്ധം പൂജാരി വെളിപ്പെടുത്തിയതോടെ ഈ ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലായി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്ന് രണ്ട് ഉന്നത പോലീസുകാര്‍ രണ്ടു കോടി കൈപ്പറ്റിയെന്നാണ് പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിരിക്കുന്നത്.
ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ദാവൂദിന്റെയും ഛോട്ടാരാജന്റെയും ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുടെ വലംകൈയ്യായിരുന്ന പൂജാരിയുടെ തുറന്നു പറച്ചിലുകള്‍ വരും ദിവസങ്ങളില്‍ പല തലകളും ഉരുട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
പത്ത് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണ വിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്.
തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബംഗളൂരു പോലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളോടും രവി പൂജാരി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉന്നതവൃത്തങ്ങള്‍ തയാറായില്ല.
പൂജാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം തുടങ്ങിയെന്നാണു സൂചന. ചില കൊലക്കേസുകളില്‍ വീണ്ടും അന്വേഷണം നടത്തിയേക്കും. പൂജാരി കൈമാറിയ വിവരങ്ങള്‍ തെളിഞ്ഞാല്‍ സര്‍വീസിലുള്ള ചില ഉദ്യോഗസ്ഥര്‍ അഴിയെണ്ണുമെന്നാണ് സൂചന.