ഇന്‍ഡോര്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം ഹാട്രിക്കോടെ അവിസ്മരണീയമാക്കി മധ്യപ്രദേശിന്റെ ഇടങ്കയ്യന്‍ പേസര്‍ രവി യാദവ്. രഞ്ജി ട്രോഫിയി ഉത്തര്പ്രദേശിനെതിരേയാണ് ഈ തകര്‍പ്പന്‍ പ്രകടനം. ഉത്തര്‍പ്രദേശ് സ്വദേശിയാണ് രവി. ഇതിനു മുമ്പും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹാട്രിക് പിറന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലേത് ആദ്യത്തേതാണ്.
1939-40 കാലത്ത് ദക്ഷിണാഫ്രിക്കയുടെ റൈസി ഫിലിപ്സ് ഫസ്റ്റ് ക്ലാസില്‍ ബോര്‍ഡറിനായി ഈസ്റ്റേണ്‍ പ്രൊവിന്‍സിനെതിരേ ആദ്യ ഓവറില്‍ ഹാട്രിക് നേടിയിരുന്നു. എന്നാല്‍ ഈ മത്സരത്തിനു മുമ്പ് ഫിലിപ്സ് നാലു മത്സരങ്ങള്‍ കളിച്ചിരുന്നു.
എന്നാല്‍ അതില്‍ ബൗള്‍ ചെയ്തിരുന്നില്ല. ഇത്തരത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ഹാട്രിക് നേടിയ ഏഴ് ഇന്ത്യക്കാരുണ്ട്. ജവഗല്‍ ശ്രീനാഥ്, സലില്‍ അങ്കോല, അഭിമന്യു മിഥുന് എന്നിവരാണ് ഇതില്‍ പ്രമുഖര്‍. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയതാണ് ഇവരില്‍ നിന്ന് യാദവിനെ വ്യത്യസ്തനാക്കുന്നത്.
ക്യാച്ചിലൂടെയായിരുന്നു രവി നേടിയ ആദ്യ വിക്കറ്റ് അടുത്ത രണ്ടു പന്തില്‍ ക്ലീന്ബൗള്ഡുമായിരുന്നു. ആര്യന് ജുയല്‍, അങ്കിത് രജ്പുത്, സമീര്‍ റിസ് വി എന്നിവരെയാണ് യാദവ് തുടര്‍ പന്തുകളില്‍ പുറത്താക്കിയത്. ഇന്നിംഗ്സിലാകെ രവി അഞ്ച് വിക്കറ്റ് വീഴ്ത്തി. 60 റണ്‍സ് വിട്ടുകൊടുത്താണ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ഇരുപത്തിയെട്ടുകാരാനായ താരം സ്വന്തമാക്കിയത്.