ഉണ്ട ചോറിന് നന്ദി കാണിക്കാന്‍ നായയേക്കാള്‍ മുമ്പില്‍ ആരും തന്നെ ഇല്ലെന്ന് പറയാം. മനുഷ്യന്റെ അടുത്ത സുഹൃത്തായാണ് നായകളെ പൊതുവെ കണക്കാക്കുന്നതും. ഈ പൊതു സത്യത്തിന് തെളിവാകുകയാണ് ഫിലിപ്പീന്‍സിലെ ഒരു നഗരവീഥിയില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ. തന്റെ ഉടമയുടെ വീല്‍ ചെയര്‍ തള്ളി നീക്കുന്ന വളര്‍ത്തുനായയുടെ വീഡിയോയാണ് കാണുന്നവരുടെയെല്ലാം കണ്ണ് നിറച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യര്‍ പോലും മനുഷ്യനെ മനസിലാക്കാതെയും അവരെ അവഗണിച്ചും കാണാത്ത ഭാവം നടിച്ചും ജീവിതം നയിക്കുന്ന സാഹചര്യത്തിലാണ് ഒരു നായയുടെ യജമാന സ്നേഹം ഹൃദയങ്ങളെ കുളിരണിയിക്കുന്ന കാഴ്ചയാവുന്നത്.
ഫെയ്ത്ത് എല്‍ റവില്ല എന്ന എംബിഎ വിദ്യാര്‍ത്ഥിയാണ് ഈ വിഡിയോ പകര്‍ത്തി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ‘യജമാനന്റെ വീല്‍ചെയര്‍ തള്ളി നീക്കുന്ന ഒരു മിണ്ടാപ്രാണി. ഇതിലും മഹത്തരമായ കാഴ്ച വേറെയില്ല. ഇപ്പോള്‍ എന്റെ വികാരങ്ങള്‍ വിശദീകരിക്കുവാന്‍ എനിക്ക് വാക്കുകളില്ല’. വിഡിയോയ്ക്കൊപ്പം ഫെയ്ത്ത് ഇങ്ങനെ കുറിച്ചു.
ഡാനിലോ അലാര്കണ് എന്ന നാല്‍പ്പത്തി ആറുകാരനും വളര്‍ത്തു നായയുമാണ് ഇവിടെ താരങ്ങളായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട ഡാനിലോയ്ക്ക് കൂട്ട് ഡിഗോങ് എന്ന ഈ നായയാണ്.
റവില്ല നോക്കുമ്പോള്‍ ഡിഗോങ് തന്റെ തല ഉപയോഗിച്ച് യജമാനന്റെ വീല്‍ ചെയര്‍ തള്ളി നീക്കുകയായിരുന്നു. താനും കുറച്ചു നേരം വീല്‍ ചെയര്‍ തള്ളി നീക്കാന്‍ സഹായിച്ചെന്നും അവരെ രണ്ട് പേരെയും കണ്ടത് വളരെ സുന്ദരമായ നിമിഷമായിരുന്നുവെന്നും റവില്ല പറയുന്നു. ഡാനിലോയെയും ഡിഗോങിനെയും അടുത്തുള്ള ഭക്ഷണശാലയില്‍ കൊണ്ടുപോയി ഇഷ്ടമുള്ളത് വാങ്ങിക്കൊടുത്തുവെന്നും റവില്ല ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.