മുംബൈ: നിലവിലെ ചാന്പ്യന്മാരായ ചെന്നൈയും 2021ലെ റണ്ണേഴ്സ് അപ്പായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെ 15-ാം സീസൺ ഐപിഎൽ 20 ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്നു തുടക്കം കുറിക്കും.
കഴിഞ്ഞ ഐപിഎൽ ട്വന്റി സീസണിൽ നിർത്തിയിടത്തു നിന്നു തുടങ്ങാൻ ചെന്നൈയും കഴിഞ്ഞ സീസണിലെ നഷ്ടം നികത്താനായി കോൽക്കത്തയും പോരിനിറങ്ങുന്പോൾ അടുത്ത രണ്ട് മാസത്തേക്കുള്ള ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് വാശിയേറിയ പോരാട്ടം.
പുതിയ ക്യാപ്റ്റന്മാർക്കു കീഴിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. സിഎസ്കെയെ നാലു കിരീടങ്ങളിലേക്കു നയിച്ച മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചിരിക്കുകയാണ്.
കെകെആർ ഇപ്രാവശ്യം ടീമിലെത്തിച്ച ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി നിയമിച്ചിരിക്കുകയാണ്. രണ്ടു ഗ്രൂപ്പുകളുള്ള ഈ സീസണിൽ ചെന്നൈ ഗ്രൂപ്പ് ബിയിലും കോൽക്കത്ത എയിലുമാണ്.
ഐപിഎലിൽ ഇരുടീമുമായുള്ള ഹെഡ് ടു ഹെഡിൽ ചെന്നൈക്കാണു മേധാവിത്വം. 26 കളികളിൽ ഏറ്റുമുട്ടിയപ്പോൾ 17 ജയം സിഎസ്കെയും എട്ട് ജയം കോൽക്കത്തയും നേടി.
ഒരണ്ണത്തിനു ഫലമില്ലായിരുന്നു. 2021ൽ ഫൈനൽ ഉൾപ്പെടെ മൂന്നു മത്സരങ്ങളിലും ജയം സിഎസ്കെയ്ക്കായിരുന്നു.
ഐപിഎലിൽ ക്യാപ്റ്റനായുള്ള ജഡേജയുടെ അരങ്ങേറ്റംകൂടിയാണ്. മികച്ച ഫോമിലുള്ള താരത്തെ ക്യാപ്റ്റൻസിയുടെ ഭാരം പ്രകടനത്തെ ബാധിക്കുമോയെന്നും കണ്ടറിയാം.
മോയിൻ അലി ഇന്നത്തെ മത്സരത്തിൽ ഇല്ലാത്തതു ചെന്നൈക്കു തിരിച്ചടിയാണ്. ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വെയും നൽകുന്ന തുടക്കത്തെയാണു ചെന്നൈ പ്രധാനമായും ആശ്രയിക്കുക.
മുന്‍പ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് ഐപിഎലിൽ ക്യാപ്റ്റനായി പരിചയസന്പത്തുണ്ട്.
എന്നാൽ, മികച്ചൊരു ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്താനാവത്തതാണ് ഈ സീസണിൽ കോൽക്കത്തയുടെ പ്രശ്നം.
അജിങ്ക്യ രഹാനെ ടീമിലുണ്ടെങ്കിലും ഫോമിലല്ല. രഹാനെ ഓപ്പണ്‍ ചെയ്താൽ ഒപ്പം മധ്യനിര ബാറ്ററായ വെങ്കിടേഷ് ഓപ്പണ്‍ ചെയ്യേണ്ടിവരും.