സ്വന്തം ലേഖകന്‍
കോഴിക്കോട്: രാജ്യാന്തര കുറ്റവാളി രവി പൂജാരിക്കു കടവന്ത്ര ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പു നടത്താനും ഭീഷണിപ്പെടുത്തി പണം അപഹരിക്കാനും ക്വട്ടേഷന്‍ നല്കിയ കാസര്‍ഗോഡ് ഉപ്പള സ്വദേശി യൂസഫ് സിയ (ജിയ) യുടെ സ്വര്‍ണ-ഹവാല ബന്ധം അന്വേഷിക്കുന്നു.
വ്യാജ പാസ്പോര്ട്ടില് കഴിഞ്ഞാഴ്ച ദുബായിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സിയയെ പിടികൂടിയ ആന്റി ടെററിസ്റ്റ് സ്ക്വാഡും(എടിഎസ്) കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമാണ് സ്വര്‍ണ-ഹവാല കടത്തിലെ പങ്ക് അന്വേഷിക്കുന്നത്.
ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വടക്കന്‍ കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘവും സിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എടിഎസിനും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച വിവരം.
ദുബായില്‍നിന്നു സ്വര്‍ണം കേരളത്തിലേക്കു സുരക്ഷിതമായി കടുത്തുന്നതിനും മറ്റും സിയയുടെ സഹായം കൊടുവള്ളിയിലുള്പ്പെടെ സജീവമായി നിലകൊള്ളുന്ന സ്വര്‍ണക്കടത്ത് സംഘത്തിന് ലഭിക്കുന്നുണ്ട്.
കൂടാതെ കള്ളക്കടത്ത് സ്വര്‍ണം മറ്റു സംഘം തട്ടിയെടുത്താല്‍ അത് തിരിച്ചുപിടിക്കുന്നതിനും സിയ ക്വട്ടേഷന്‍ ഏറ്റെടുക്കാറുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
2018 ല്‍ കരിപ്പൂരില്‍ സ്വര്‍ണവുമായെത്തിയ കാരിയര്‍ മുങ്ങിയതിനു പിന്നാലെ പിടികൂടാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതിനു പിന്നിലും സിയയുടെ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
കൊടുവള്ളി സംഘം കാരിയര്‍ മുഖേന ജ്യൂസ് രൂപത്തില്‍ ലായനിയാക്കി ഒന്നരകിലോ സ്വര്‍ണം നാട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍, കാരിയര്‍ ഈ വിവരം മറ്റൊരുസംഘത്തിനെ അറിയിച്ചു.
കാരിയര്‍ കരിപ്പൂരില്‍ ഇറങ്ങുകയും സ്വര്‍ണത്തിനായി കാത്തു നിന്ന കൊടുവള്ളി സംഘം അറിയാതെ മറ്റൊരു സംഘത്തിനൊപ്പം രക്ഷപ്പെടുകയും ചെയ്തു.
സ്വര്‍ണവുമായി രക്ഷപ്പെട്ട കാരിയറേയും സംഘത്തേയും തിരിച്ചറിഞ്ഞ കൊടുവള്ളി സംഘം ഇവരെ പിടികൂടാനും സ്വര്‍ണം വീണ്ടെടുക്കാനുമായി കുപ്രസിദ്ധ കുറ്റവാളിക്കു ക്വട്ടേഷന്‍ നല്കി.
ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം കാരിയറെയും ഒപ്പമുണ്ടായിരുന്ന കുന്നമംഗലം സ്വദേശിയായ യുവാവിനെയും പിടികൂടി. ദിവസങ്ങളോളം കാസര്‍ഗോഡ് ഉപ്പളയ്ക്കു സമീപത്തുള്ള വീട്ടില്‍ വച്ച് മര്‍ദിക്കുകയും ചെയ്തു.
ഈ സംഘത്തിനു സിയ സഹായം നല്‍കിയിട്ടുണ്ടെന്ന വിവരമാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച വിവരം.
മര്‍ദനത്തെ തുടര്‍ന്ന് തട്ടിയെടുത്ത സ്വര്‍ണം സംബന്ധിച്ച് യുവാവ് ക്വട്ടേഷന്‍ സംഘത്തിന് വിവരം കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍, സിയ ഈ യുവാവുമായി ബന്ധപ്പെടുകയും തനിക്കെതിരേ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു.