കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിക്കാനുള്ള ചടുല നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്.
പ്രതിയെ അറസ്റ്റ് ചെയ്തതുകാട്ടി എറണാകുളം എസിജെഎം കോടതിയില്‍ അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായുള്ള പ്രൊഡക്ഷന്‍ വാറന്റിനു കോടതി അനുമതി ലഭിച്ചാലുടന്‍ ഇതുമായി സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്കു തിരിക്കും.
എത്രയുംവേഗം പ്രതിയെ വിട്ടുകിട്ടുന്നതിനായി പ്രോഡക്ഷന്‍ വാറന്റ് പരപ്പന അഗ്രഹാര സൂപ്രണ്ടിനു കൈമാറും.തുടര്‍ന്നു ബംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരിക്കും പൂജാരിയെ ക്രൈംബ്രാഞ്ചിനു കൈമാറുക.
തുടര്‍ന്നു കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണു അന്വേഷണസംഘത്തിന്റെ നീക്കം.
കേസിലെ മൂന്നാം പ്രതിയായ രവി പൂജാരി നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലാണു കഴിഞ്ഞുവരുന്നത്.
ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് സംഘം കഴിഞ്ഞദിവസം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണു അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതും.
അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ അനുകൂല ഉത്തരവുണ്ടായതോടെയാണു നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവിടെവച്ച് പ്രതിയെ ചോദ്യം ചെയ്തില്ലെന്നും ഇതിനു കോടതി അനുമതി ലഭിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന ‘നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പുണ്ടായത്.
ബൈക്കിലെത്തിയ രണ്ടുപേരാണു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലേക്കു വെടിവച്ചത്.
വെടിവയ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുന്‍പ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
വെടിവയ്പ്പുണ്ടായതിനുപിന്നാലെ സ്വകാര്യ ചാനലില്‍ വിളിച്ച് താനാണ് ഇതിനുപിന്നിലെന്നും വെളിപ്പെടുത്തിയിരുന്നു.
രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ക്രൈംബ്രാഞ്ച്. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
അനുമതി ലഭിച്ചാല്‍ രവി പൂജാരിയുടെ ശബ്ദസാമ്പിളായിരിക്കും ആദ്യം രേഖപ്പെടുത്തുക. പരാതിക്കാരിയെ ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
വെടിയുതിര്‍ക്കാന്‍ കൈമാറിയ തോക്ക് സംബന്ധിച്ചും വിദേശത്തു കടന്ന പ്രതികളുമായുള്ള ബന്ധവുമടക്കം കേസിലെ കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് കണക്കുകൂട്ടല്‍.
2019 ജനുവരി അഞ്ചിനാണ് സെനഗലില്വച്ച് ഇയാള്‍ പിടിയിലാകുന്നത്.
പിന്നീട് ഇന്ത്യയില്‍ എത്തിച്ച പ്രതിയെ ബംഗളൂരു പോലീസിനു കൈമാറുകയായിരുന്നു.